ADVERTISEMENT

ദുബായ്∙ ഐപിഎൽ താരലേലത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് വിളിച്ചെടുത്ത താരങ്ങളിൽ ഒരാൾ ഇന്ത്യൻ താരം ശുഭം ദുബെയാണ്. ദേശീയ ടീമിലോ, ഐപിഎല്ലിലോ ഇതുവരെ കളിച്ചിട്ടില്ലാത്ത താരത്തെ സ്വന്തമാക്കാനായി രാജസ്ഥാൻ റോയൽസ് മുടക്കിയത് 5.8 കോടി രൂപ. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി ഡൽഹി ക്യാപിറ്റൽസും രംഗത്തുണ്ടായിരുന്നു. ഇതോടെയാണ് ലേലത്തുക കോടികളായി ഉയർന്നത്. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമാണു ശുഭം ദുബെ.

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏഴു മത്സരങ്ങളിൽനിന്ന് 222 റൺസാണ് ശുഭം 187.28 സ്ട്രൈക്ക് റേറ്റിൽ അടിച്ചെടുത്തത്. വൻ തുകയ്ക്ക് ഐപിഎല്ലിലെത്തിയതോടെ ജീവിത സാഹചര്യങ്ങളും മാറുമെന്ന പ്രതീക്ഷയിലാണു ശുഭം. നാഗ്പൂരിലെ സാധാരണ കുടുംബത്തിൽനിന്നാണ് ശുഭത്തിന്റെ വരവ്. പിതാവ് ബദ്രിപ്രസാദ് ദുബെയ്ക്കു പാൻ കച്ചവടമാണു ജോലി.

ഐപിഎല്ലിൽ ഇത്ര വലിയ തുക ലഭിക്കുമെന്നു ഒരു പ്രതീക്ഷയുമില്ലായിരുന്നെന്ന് ദുബെ ലേലത്തിനു ശേഷം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ‘‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ലേലത്തിൽ ആരെങ്കിലും എടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. സത്യം പറഞ്ഞാൽ ഇത്ര വലിയ തുകയൊന്നും ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.’’– ദുബെ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഒരു ക്രിക്കറ്റ് ഗ്ലൗ വാങ്ങാനുള്ള പണം തന്റെ കയ്യിൽ ഇല്ലായിരുന്നെന്നും, മെന്ററായ സുദീപ് ജയ്സ്വാളാണ് ഈ സമയത്ത് വിദര്‍ഭ ടീം വരെ എത്താൻ തന്നെ സഹായിച്ചതെന്നും ശുഭം ദുബെ പ്രതികരിച്ചു. ‘‘ആ സമയത്ത് ഞങ്ങൾ സാമ്പത്തികമായി അത്ര നല്ല നിലയിലൊന്നുമായിരുന്നില്ല. സുദീപ് സാറാണ് സഹായിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്നെ ഇവിടെവരെ എത്തിച്ചത്. എനിക്ക് ഒരു ഗ്ലൗ പോലും വാങ്ങാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹമാണ് എനിക്കു പുതിയ ബാറ്റും കിറ്റും വാങ്ങിത്തന്നത്. അണ്ടർ 19, അണ്ടർ 23 ടീമുകളിലും എന്നെ ഉൾപ്പെടുത്തിയത് സുദീപ് സാറാണ്.’’– ശുഭം ദുബെ വ്യക്തമാക്കി.

English Summary:

Who is Shubham Dubey? pan stall owner's son Who struck Rs 5.8 crore at IPL auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com