സഞ്ജു അർഹിച്ച സെഞ്ചറി, ഈ കളിയാണ് ഇന്ത്യൻ ടീമിന് ആവശ്യമെന്ന് ശ്രീശാന്ത്; അഭിനന്ദിച്ച് പൃഥ്വിരാജും
Mail This Article
പാൾ (ദക്ഷിണാഫ്രിക്ക)∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായി സെഞ്ചറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. അര്‍ഹിച്ച സെഞ്ചറിയാണ് സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയതെന്നു ശ്രീശാന്ത് പ്രതികരിച്ചു. ‘‘സഞ്ജുവിന്റെ മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു ഇത്. 64–65 റൺസൊക്കെ എടുത്തുനിൽക്കെ അദ്ദേഹം നടത്തിയ പ്രകടനം വളരെ പ്രധാനമാണ്. കാരണം പല താരങ്ങളും അവിടെനിന്നു സെഞ്ചറിയിലേക്ക് എത്താൻ കൂടുതൽ പന്തുകൾ എടുക്കും. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഇത്തരമൊന്നു ഇന്നിങ്സ് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.’’– ശ്രീശാന്ത് ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു.
‘‘സഞ്ജുവിന്റേത് ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിങ്ങായിരുന്നു. സഞ്ജുവിന്റെ കളി വളരെ അഗ്രസീവാണെന്നു ഞാനുൾപ്പടെ പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നു കളിച്ചതുപോലുള്ള ഇന്നിങ്സാണ് സഞ്ജുവിനും ടീമിനും ആവശ്യം. ഇതേ പ്രകടനം തുടരണം.’’– ശ്രീശാന്ത് വ്യക്തമാക്കി. സഞ്ജു ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ശ്രീശാന്ത് നേരത്തേ പ്രതികരിച്ചിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു സഞ്ജുവിനെ ഒഴിവാക്കണമെന്നും താരം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണു ശ്രീശാന്ത് പറഞ്ഞത്.
സഞ്ജുവിന്റെ മികവിനെ പ്രകീർത്തിച്ച് നടൻ പൃഥ്വിരാജ് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ സഞ്ജുവിന്റെ ആദ്യ സെഞ്ചറിയാണിത്. 108 റൺസെടുത്താണ് താരം മൂന്നാം ഏകദിനത്തിൽ പുറത്തായത്.വണ്‍ഡൗണായി ഇറങ്ങി തിളങ്ങിയ സഞ്ജു സാംസണാണു കളിയിലെ താരവും. മൂന്നാം മത്സരം 78 റൺസിനു ജയിച്ചതോടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റു നഷ്ടത്തിൽ 296 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 45.5 ഓവറിൽ 218 റൺസെടുത്ത് ഓള്‍ഔട്ടായി.