ADVERTISEMENT

നേപിയർ∙ ന്യൂസീലന്‍ഡിൽ ചരിത്രം രചിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ആതിഥേയരെ ബംഗ്ലദേശ് തകർത്തുവിട്ടത്. ന്യൂസീലൻഡ് മണ്ണിൽ അവർക്കെതിരെ ബംഗ്ലദേശിന്റെ ആദ്യ ഏകദിന വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 31.4 ഓവറിൽ 98 റൺസെടുത്ത് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 15.1 ഓവറുകളിൽ ബംഗ്ലദേശ് വിജയത്തിലെത്തി.

മറുപടിയിൽ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷന്റോ അര്‍ധ സെഞ്ചറിയുമായി പുറത്താകാതെനിന്നു. 42 പന്തുകളിൽനിന്ന് 51 റൺസാണു താരം നേടിയത്. 33 പന്തുകളിൽ 37 റൺസെടുത്ത് ഓപ്പണർ അനാമുൽ ഹഖും പുറത്താകാതെനിന്നു. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡിനു വേണ്ടി ആർക്കും മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല. 43 പന്തിൽ 26 റൺസെടുത്ത വിൽ യങ്ങാണ് കിവീസിന്റെ ടോപ് സ്കോറർ.

ന്യൂസീലൻഡിന്റെ ആറു താരങ്ങൾ രണ്ടക്കം കടക്കാനാകാതെ മടങ്ങി. ബംഗ്ലദേശിനായി ഷൊരീഫുൾ ഇസ്‍ലാം, തൻസിം ഹസൻ സാക്കിബ്, സൗമ്യ സർക്കാർ എന്നിവര്‍ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. 1990 ലാണ് ബംഗ്ലദേശ് ആദ്യമായി ന്യൂസീലന്‍ഡിൽ ഏകദിന മത്സരം കളിക്കുന്നത്. ഇതുവരെ 18 കളികൾ അവർ തുടർച്ചയായി തോറ്റു.

ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ന്യൂസീലൻഡ് പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. 2-1 എന്ന നിലയിലാണു പരമ്പര അവസാനിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും ബംഗ്ലദേശും ന്യൂസീലൻഡും കളിക്കുന്നുണ്ട്. ബുധനാഴ്ച നേപ്പിയറിലാണ് ആദ്യ മത്സരം.

English Summary:

Bangladesh beat New Zealand for nine wickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com