കരിയർ നശിപ്പിക്കുമെന്നു മുന്‍ കാമുകി ഭീഷണിപ്പെടുത്തുന്നു; പൊലീസ് സഹായം തേടി യുവ ക്രിക്കറ്റ് താരം

Mail This Article
ബെംഗളൂരു∙ മുൻ കാമുകിയുടെ ഭീഷണികളെ തുടർന്ന് പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് യുവ ക്രിക്കറ്റ് താരം കെ.സി. കരിയപ്പ. തന്റെ കരിയർ നശിപ്പിക്കുമെന്നു യുവതി ഭീഷണിപ്പെടുത്തിയതായും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നുമാണു താരത്തിന്റെ ആവശ്യം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായതോടെയാണ് കാമുകിയുമായി പിരിഞ്ഞതെന്നു കരിയപ്പ പൊലീസ് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.
കർണാടകയിലെ കുടക് സ്വദേശിയായ കെ.സി. കരിയപ്പയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഒരു വർഷം മുൻപ് ക്രിക്കറ്റ് താരത്തിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ക്രിക്കറ്റ് താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായും ഗര്‍ഭം അലസിപ്പിക്കാൻ മരുന്നുകൾ നൽകിയതായും പരാതിപ്പെട്ടാണ് ഒരു വർഷം മുൻപു യുവതി പൊലീസിനെ സമീപിച്ചത്.
2015 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് കരിയപ്പ ക്രിക്കറ്റ് കരിയർ തുടങ്ങിയത്. പിന്നീട് പഞ്ചാബ് കിങ്സിലും രാജസ്ഥാൻ റോയൽസിലും കളിച്ചു. 2021 ൽ വിജയ് ഹസാരെ ട്രോഫിയിലാണു താരം ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറുന്നത്. കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങാൻ താരത്തിനു സാധിച്ചിരുന്നില്ല.