ഏറ് കമ്പനി ! ഇന്ത്യൻ ബാറ്റിങ്ങിനെ വരിഞ്ഞുകെട്ടി ദക്ഷിണാഫ്രിക്കൻ പേസർമാർ
Mail This Article
മൂടിക്കെട്ടിയ ആകാശം, പച്ചവിരിച്ച പിച്ച്, 6 അടിക്കു മുകളിൽ പൊക്കമുള്ള 4 ബോളർമാർ; ആദ്യ ഓവർ മുതൽ പിച്ചിലെ ബൗൺസും പേസും മുതലാക്കാൻ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസർമാർ ഇന്ത്യൻ ടോപ് ഓർഡറിനെ വരിഞ്ഞുകെട്ടി. പുൾ ഷോട്ടുകൾക്കു പേരുകേട്ട ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ‘ബൗൺസ് കെണിയിൽ’ വീണ ആദ്യ ഇന്ത്യൻ ബാറ്റർ. കഗീസോ റബാദയുടെ ബൗൺസർ പുൾ ചെയ്യാനുള്ള രോഹിത്തിന്റെ ശ്രമം ഫൈൻ ലെഗിൽ നാൻഡ്രെ ബർഗറുടെ കയ്യിൽ അവസാനിച്ചു.
പിച്ചിൽ നിന്ന് അപ്രതീക്ഷിത ബൗൺസ് വരാൻ തുടങ്ങിയതോടെ ഫ്രണ്ട് ഫൂട്ടിലേക്കു വരാൻ ഇന്ത്യൻ ബാറ്റർമാർ മടിച്ചു. റബാദയുടെ പന്തിൽ ശ്രേയസ് അയ്യർ ക്ലീൻ ബോൾഡാകാൻ കാരണം ഈ ‘മടിയായിരുന്നു’.
നാൻഡ്രെ ബർഗർ, മാർക്കോ യാൻസൻ എന്നീ ഇടംകയ്യൻ പേസർമാരാണ്ബൗൺസറുകൾ എറിയാൻ മുന്നിൽ നിന്നത്. കൗണ്ടർ അറ്റാക്കിലൂടെ റൺ കണ്ടെത്തിയ ഷാർദൂൽ ഠാക്കൂർ, ജെറാൾഡ് കോട്സെയുടെ ബൗൺസർ തലക്കേറ്റതിനു പിന്നാലെ പ്രതിരോധത്തിലേക്കു വലിഞ്ഞു.