ADVERTISEMENT

സെഞ്ചൂറിയൻ∙ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 11 റൺസിന്റെ ലീഡാണ് നിലവിലുള്ളത്. രണ്ടാം ദിവസം ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 211 പന്തിൽ 140 റൺസുമായി ഓപ്പണർ ഡീന്‍ എൽഗാറും 13 പന്തിൽ മൂന്നു റൺസുമായി മാർക്കോ ജാൻസനുമാണു ക്രീസില്‍.

രണ്ടാം ദിവസം ഡീൻ എൽഗാറിനോടൊപ്പം ടോണി ഡെ സോർസി ബാറ്റിങ് തുടരുന്നതിനിടെ കോലി ചെയ്തൊരു കാര്യമാണ് ഇന്ത്യൻ ആരാധകരുടെ കൗതുകമുയർത്തിയത്. മത്സരത്തിന്റെ 28–ാം ഓവർ അവസാനിച്ചപ്പോൾ വിരാട് കോലി വിക്കറ്റിലുണ്ടായിരുന്ന ബെയ്ൽസ് എടുത്തു തിരികെ വച്ചു. പിന്നാലെയുള്ള ഓവറിൽ 62 പന്തുകളിൽ 28 റൺസെടുത്ത ടോണി ഡെ സോർസിയെ ഇന്ത്യ പുറത്താക്കി. തേർഡ് സ്ലിപ് ഓഫിൽ യശസ്വി ജയ്സ്വാൾ ക്യാച്ചെടുത്താണു ദക്ഷിണാഫ്രിക്കൻ ബാറ്ററെ മടക്കിയത്.

31–ാം ഓവറിൽ കീഗൻ പീറ്റേഴ്സനെ ജസ്പ്രീത് ബുമ്ര ബോൾഡാക്കുകയും ചെയ്തു. കോലിയുടെ ‘ബെയ്ൽസ് ഫ്ലിപ്’ തന്ത്രമാണ് ഇന്ത്യയ്ക്ക് അടുപ്പിച്ചു രണ്ടു വിക്കറ്റുകൾ നേടിക്കൊടുത്തതെന്നും ആരാധകരിൽ ചിലർ വാദിക്കുന്നു. വിക്കറ്റു നേടാനാകാതെ ഇന്ത്യൻ ബോളർമാര്‍ ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു കോലി ഒരു കാര്യവുമില്ലെങ്കിലും ബെയ്ൽസ് എടുത്ത ശേഷം തിരിച്ചുവച്ചത്.

ക്രിക്കറ്റിൽ ഇങ്ങനെ സംഭവിക്കുന്നത് ആദ്യമായല്ല. 2023 ആഷസ് മത്സരത്തിനിടെ ഇംഗ്ലിഷ് പേസർ സ്റ്റുവര്‍ട്ട് ബ്രോഡും ബെയ്ൽസ് ഇളക്കിയ ശേഷം തിരിച്ചുവച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഓസീസ് താരം മാർനസ് ലബുഷെയ്ൻ പുറത്താകുകയും ചെയ്തു. കോലിയുടെ ബെയ്ൽസ് ഫ്ലിപ്പിനെക്കുറിച്ച് ബ്രോഡ് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചിട്ടുണ്ട്. ശ്രമം വിജയിച്ചോയെന്നാണ് വിരാട് കോലിയെ മെൻഷൻ ചെയ്ത് ബ്രോഡ് ചോദിച്ചത്. എന്നാൽ കോലിയുടെ ബെയ്ൽസ് ഫ്ലിപ്പിനും ഡീൻ എൽഗാറിനെ വീഴ്ത്താന്‍ സാധിച്ചില്ല. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിരമിക്കാനിരിക്കുന്ന എൽഗാർ ബാറ്റിങ് തുടരുകയാണ്.

English Summary:

Virat Kohli does Stuart Broad, his 'bails flip' act works magic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com