ADVERTISEMENT

മുംബൈ∙ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനു വിവാദങ്ങൾ പുതിയ കാര്യമല്ല. ക്രിക്കറ്റ് ഗ്രൗണ്ടിന് അകത്തും പുറത്തും താരത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും വൻ വിവാദങ്ങളിലേക്കും ചർച്ചകളിലേക്കുമാണു വഴി തുറക്കാറുള്ളത്. എന്തിനാണു വിവാദമാകുന്ന പ്രസ്താവനകൾ നടത്തുന്നതെന്നാണ് എക്സ് പ്ലാറ്റ്ഫോമില്‍ ഗംഭീറിനോട് ഒരു ആരാധകൻ ഇപ്പോൾ ചോദിച്ചിരിക്കുന്നത്. തന്റെ പതിവു ശൈലിയിലുള്ളതാണ് ചോദ്യത്തിനു ഗംഭീർ നല്‍കിയ മറുപടി. ‘‘എനിക്കു തോന്നുന്നതാണു ഞാന്‍ പറയുന്നത്’’ എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ.

വിവാദങ്ങളിൽനിന്ന് ആരാണു നേട്ടമുണ്ടാക്കുന്നതെന്നു നിങ്ങൾ ചിന്തിക്കണമെന്നും ഗംഭീർ മറുപടിയായി എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ നേരിടാന്‍ പോകുന്ന വലിയ ഭീഷണിയെന്തെന്ന ചോദ്യത്തിനും ഗംഭീർ മറുപടി നൽകി. ട്വന്റി20 ലോകകപ്പ് നടക്കുന്ന വെസ്റ്റിൻഡീസിലെയും യുഎസിലേയും സാഹചര്യങ്ങളിൽ അഫ്ഗാനിസ്ഥാന്‍ അപകടകാരികളായിരിക്കുമെന്നാണ് ഗംഭീറിന്റെ നിലപാട്.

‘‘അഫ്ഗാനിസ്ഥാന് ആ സാഹചര്യങ്ങളിൽ അപകടകാരികളാകാൻ സാധിക്കും. ഓസ്ട്രേലിയയും കരുത്തരാണ്. ഇംഗ്ലണ്ടാണ് ട്വന്റി20 ക്രിക്കറ്റ് അതിന്റേതായ രീതിയിൽ കളിക്കുന്നത്.’’– ഗൗതം ഗംഭീർ വ്യക്തമാക്കി. അതേസമയം ദക്ഷിണാഫ്രിക്കയായിരിക്കും ട്വന്റി20 ലോകകപ്പ് വിജയിക്കുകയെന്നാണ് യുവരാജ് സിങ്ങിന്റെ പ്രവചനം. വൈറ്റ് ബോൾ ടൂർണമെന്റുകളൊന്നും അവർ ഇതുവരെ വിജയിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ പ്രകടനം മെച്ചപ്പെട്ടു. പാക്കിസ്ഥാനും കരുത്തരാണ്.’’– യുവരാജ് സിങ് വ്യക്തമാക്കി.

ലെജൻഡ്സ് ക്രിക്കറ്റ് ലീഗിനിടെ ഗംഭീറും മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ഗ്രൗണ്ടിൽ‌വച്ചു തർക്കിച്ചിരുന്നു. ഗംഭീര്‍ തന്നെ ഒത്തുകളിക്കാരൻ എന്നു വിളിച്ചതായി ശ്രീശാന്ത് പിന്നീടു വെളിപ്പെടുത്തി. ഗംഭീർ എല്ലാവരുമായും പ്രശ്നങ്ങളുണ്ടാക്കുമെന്നും സീനിയേഴ്സിനെ ബഹുമാനിക്കില്ലെന്നും ശ്രീശാന്ത് ആരോപിച്ചു. 2023 ഐപിഎല്ലിനിടെ ലക്നൗ മെന്ററായിരുന്ന ഗംഭീറും വിരാട് കോലിയും ഗ്രൗണ്ടിൽവച്ചു തർക്കിച്ചിരുന്നു. 2024 ഐപിഎല്ലിൽ കൊൽ‌ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്ററാണ് ഗൗതം ഗംഭീർ.

English Summary:

I say what I feel. You should think who benefits from the controversies: Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com