ADVERTISEMENT

കാഠ്മണ്ഡു∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഐപിഎൽ‌ താരവും നേപ്പാൾ ക്രിക്കറ്റ് താരവുമായ സന്ദീപ് ലാമിച്ചനെ കുറ്റക്കാരൻ. 2022 ഓഗസ്റ്റിൽ 17 വയസ്സുകാരിയായ പെൺകുട്ടിയെ കാഠ്മണ്ഡുവിലെ ഹോട്ടൽ മുറിയിൽവച്ചു താരം പീഡിപ്പിച്ചെന്നാണു കേസ്. കേസിലെ അന്തിമവാദം കേട്ട ശേഷം സന്ദീപ് കുറ്റക്കാരനാണെന്നു കോടതി വിധിക്കുകയായിരുന്നു. ഈ വർഷം ജനുവരിയിൽ സന്ദീപ് ലാമിച്ചനെ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു. കാഠ്മണ്ഡു ജില്ലാ കോടതിയാണു താരം കുറ്റക്കാരനെന്നു കണ്ടെത്തിയത്.

അടുത്ത ഹിയറിങ്ങിൽ‌ ശിക്ഷ വിധിക്കും. 23 വയസ്സുകാരനായ സന്ദീപ് ലാമിച്ചനെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച ആദ്യ നേപ്പാൾ താരം. 2018 ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ലാമിച്ചനെ. അറസ്റ്റിലായതിനെ തുടർന്ന് ലാമിച്ചനെ സുന്താറയിലെ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. ജനുവരിയിൽ പട്ടൻ ഹൈക്കോടതിയാണു താരത്തിനു ജാമ്യം അനുവദിച്ചത്.

ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് താരം ജാമ്യം നേടി. സന്ദീപ് ലാമിച്ചനെയുടെ കടുത്ത ആരാധികയായിരുന്ന പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബറിലാണു പൊലീസ് കേസെടുത്തത്. ഒരു മാസത്തിനു ശേഷം നേപ്പാളിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽവച്ച് താരം അറസ്റ്റിലായി. കരീബിയന്‍ പ്രീമിയർ ലീഗിൽ കളിച്ച് നാട്ടിലേക്കു മടങ്ങിയെത്തിയപ്പോഴാണു താരത്തെ പൊലീസ് പിടികൂടിയത്.

പാക്കിസ്ഥാൻ സൂപ്പർ ലീഗിലും ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും ലെഗ് സ്പിന്നറായ സന്ദീപ് നേരത്തേ കളിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ വേഗത്തിൽ 50 വിക്കറ്റ് നേട്ടത്തിലെത്തിയ രണ്ടാമത്തെ താരമാണു സന്ദീപ്. ഈ വർഷം ഓഗസ്റ്റിൽ കെനിയയ്ക്കെതിരായ മത്സരത്തിലാണ് താരം നേപ്പാളിനായി ഒടുവിൽ കളിക്കാനിറങ്ങിയത്.

English Summary:

Sandeep Lamichhane Convicted Of Raping A Minor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com