ADVERTISEMENT

കേപ്ടൗൺ∙ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ടീം ഇന്ത്യ. പേസർ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകളുമായി തകർത്തെറിഞ്ഞ ആദ്യ ദിനം ദക്ഷിണാഫ്രിക്ക 55 ന് പുറത്ത്. ടെസ്റ്റ് ചരിത്രത്തിൽ വലിയ നാണക്കേടിലേക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തള്ളിവിട്ടത്. 23.2 ഓവറുകളിൽ 55 റൺസെടുക്കുമ്പോഴേക്കും അവരുടെ പത്തു വിക്കറ്റും വീണു. വർണ വിവേചനത്തെ തുടർന്നുള്ള വിലക്കിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇത്.

2018 ൽ ശ്രീലങ്കയ്ക്കെതിരെ 79 റൺസിനു പുറത്തായതായിരുന്നു ഇതിനു മുൻപുള്ള ചെറിയ സ്കോർ. 2015 ൽ ഇന്ത്യയ്ക്കു മുന്നിലും ദക്ഷിണാഫ്രിക്ക 79 റണ്‍സിനു പുറത്തായിട്ടുണ്ട്. നാഗ്പൂർ ടെസ്റ്റിലായിരുന്നു ഇത്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്ക ഓൾഔട്ടാകുന്ന ഏറ്റവും ചെറിയ സ്കോർ കൂടിയാണ് കേപ്ടൗണിലേത്. 2006ൽ ജൊഹാനസ്ബർഗിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക 84 റണ്‍സിനു പുറത്തായിട്ടുണ്ട്. 2016ൽ ഇതേ വേദിയിൽ ഇംഗ്ലണ്ടിനു മുന്നിലും ദക്ഷിണാഫ്രിക്കയ്ക്ക് അടിപതറി. അന്ന് 83 റണ്‍സിനാണു ദക്ഷിണാഫ്രിക്കയുടെ പുറത്താകൽ.

ടെസ്റ്റിൽ ഇന്ത്യ എതിരാളികളെ കുറഞ്ഞ സ്കോറിനു പുറത്താക്കിയ മത്സരമെന്ന റെക്കോർഡും ഇനി കേപ്ടൗൺ ടെസ്റ്റിന്റെ പേരിലാണ്. 2021 ൽ മുംബൈ ടെസ്റ്റിൽ കിവീസിനെ 61 റൺസിൽ ഓൾ ഔട്ടാക്കിയതായിരുന്നു ഇക്കാര്യത്തിൽ റെക്കോർഡ്. രണ്ടാം ടെസ്റ്റിൽ ഒൻപത് ഓവറുകൾ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് 15 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റുകൾ പിഴുതത്.

ടെസ്റ്റിൽ താരത്തിന്റെ മികച്ച പ്രകടനമാണിത്. ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടത്തിലേക്ക് മുൻപ് രണ്ടു വട്ടവും നാലു വിക്കറ്റ് നേട്ടത്തിലേക്കു നാലു വട്ടവും സിറാജ് എത്തിയിട്ടുണ്ട്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ സിറാജ് ആറു വിക്കറ്റ് വീഴ്ത്തി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയിരുന്നു. സമാനമായിരുന്നു താരത്തിന്റെ കേപ്ടൗൺ ടെസ്റ്റിലെ ബോളിങ്. ഏഷ്യാ കപ്പിൽ ഏഴ് ഓവറുകൾ പന്തെറിഞ്ഞ സിറാജ്, 21 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ സ്വന്തമാക്കുകയായിരുന്നു. ഒരു ഓവറിൽ നാലു വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബോളറെന്ന റെക്കോർഡും ഈ മത്സരത്തിൽ സിറാജ് നേടിയിരുന്നു.

കേപ്ടൗണിൽ ടോസ് നേടി ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യൻ പേസർമാർക്കു മുന്നിൽ അപ്രതീക്ഷിതമായി തകർന്നടിയുകയായിരുന്നു. 15 റൺസെടുത്ത കെയ്ൽ വെറെയ്നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. വെറെയ്നു പുറമേ ഡേവിഡ് ബെഡിങ്ഹാം മാത്രമാണു രണ്ടക്കം കടന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം. ജസ്പ്രീത് ബുമ്ര, മുകേഷ് കുമാർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

സ്കോർ എട്ടു റൺസിൽ നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റു വീണത്. ഓപ്പണർമാരായ എയ്ഡൻ മാർക്റാം (രണ്ട്), ഡീൻ എൽഗാർ എന്നിവരെ മടക്കി മുഹമ്മദ് സിറാജാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ടോണി ഡെ സോർസി (രണ്ട്), ഡേവിഡ് ബേഡിങ്ങാം (17 പന്തിൽ 12), കെയ്ൽ വെറെയ്ൻ (30 പന്തിൽ 15), മാർകോ ജാൻസൻ (പൂജ്യം) എന്നിവരെക്കൂടി പുറത്താക്കി സിറാജ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. ബുമ്രയും മുകേഷ് കുമാറും സ്വന്തം റോളുകൾ ഭംഗിയായി ചെയ്തതോടെ ചരിത്രത്തിലെ ചെറിയ സ്കോറിന് ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.

English Summary:

Mohammed Siraj thrashed South Africa in Cape Town test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com