ADVERTISEMENT

റാഞ്ചി∙ കഴിഞ്ഞ മാസം നടന്ന ഇന്ത്യൻ പ്രീമിയര്‍ ലീഗ് താരലേലത്തിൽ ‘‘ഒരു കോടി രൂപയ്ക്കു ഡൽഹി ക്യാപിറ്റൽ‌സ് വിളിച്ചെടുത്തിട്ടും’’ ഐപിഎൽ കളിക്കാനാകില്ലെന്ന പ്രതിസന്ധി ഘട്ടത്തിൽ ജാർഖണ്ഡിലെ യുവ ക്രിക്കറ്റ് താരം സുമിത് കുമാർ. ലേലത്തിൽ തന്റെ പേരും വിവരങ്ങളുമാണു സ്ക്രീനിൽ വന്നതെന്നും, എന്നാല്‍ ഡൽഹി സ്വന്തമാക്കിയതു മറ്റൊരു സുമിത്തിനെയാണെന്നും സുമിത് കുമാർ ദേശീയ മാധ്യമത്തോടു പറഞ്ഞു. ഹരിയാനയിൽനിന്നുള്ള സുമിത്തിനെ വാങ്ങിയതായാണ് ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്.

‘‘എന്റെ അമ്മ വളരെ സന്തോഷത്തിലായിരുന്നു. അവർ എനിക്കു വേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. പക്ഷേ എങ്ങനെയാണ് ഇതു സംഭവിക്കുക. പേരുകൾ ഒരുപോലെയാകാം. പക്ഷേ ടിവിയിൽ കാണിച്ച ചിത്രങ്ങൾ എങ്ങനെയാണു മാറിപ്പോകുക. എന്റെ ഫോട്ടോയും പേരും അവിടെയുണ്ടായിരുന്നു. ആളു മാറിപ്പോയതാണെന്നു മനസ്സിലായതോടെ ഞാൻ അമ്മയെ സമാധാനിപ്പിക്കാൻ കുറെ ബുദ്ധിമുട്ടി. ഡൽഹി ക്യാപിറ്റൽസ് വലിയ ടീമാണ്. പക്ഷേ ഒരു ക്രിക്കറ്റ് താരത്തിന്റെ വികാരം വച്ച് അവർ കളിക്കുമെന്നു ഞാൻ‌ പ്രതീക്ഷിച്ചില്ല. അതു വളരെ മോശമാണ്.’’– സുമിത് കുമാര്‍ പറഞ്ഞു.

തന്നെ അഭിനന്ദിച്ച് ഡൽഹി ക്യാപിറ്റൽസ് ഇൻസ്റ്റഗ്രാമിൽ ചിത്രം ഷെയർ ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കു ശേഷം അതു ഡിലിറ്റ് ആയെന്നും സുമിത് കുമാർ പറഞ്ഞു. ‘‘ഇൻസ്റ്റഗ്രാം ഹാൻഡിലിലും അവരെന്റെ ഫോട്ടോ ഇട്ടു. എന്നെ അതിൽ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. നോട്ടിഫിക്കേഷൻ കൂടി വന്നപ്പോൾ ലേലത്തിന്റെ കാര്യം ഞാൻ നൂറു ശതമാനം ഉറപ്പിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവർ അതു നീക്കി. അപ്പോൾ ഞാൻ ആശയക്കുഴപ്പത്തിലായി.’’– സുമിത് പറഞ്ഞു. 

ബൊക്കാറോ സ്വദേശിയായ സുമിത് പത്താം വയസ്സുമുതൽ ക്രിക്കറ്റ് കളിക്കുന്നുണ്ട്. 28 വയസ്സുകാരനായ താരം 2014–15 സീസണിൽ ജാര്‍ഖണ്ഡ് സീനിയർ ടീമിൽ കളിച്ചിരുന്നു. അവസരങ്ങൾ കുറഞ്ഞതോടെ ജാർഖണ്ഡ് വിട്ട് നാഗാലാൻഡ് ടീമിൽ ചേരുന്നു. 20 ഫസ്റ്റ് ക്ലാസ്, 26 ലിസ്റ്റ് എ, 21 ട്വന്റി20 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ലേലത്തിനിടെ പഞ്ചാബ് കിങ്സിനും ആളു മാറിപ്പോയ സംഭവമുണ്ടായിരുന്നു. ശശാങ്ക് സിങ്ങിനെ വിളിച്ചെടുത്ത പഞ്ചാബ് പ്രതിനിധികൾ തങ്ങൾ മറ്റൊരു ശശാങ്ക് സിങ്ങിനെയാണ് ഉദ്ദേശിച്ചതെന്നു പിന്നീടു വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റു വഴികളില്ലാതായതോടെ കിട്ടിയ താരത്തെ അവർ ടീമിൽ ഉൾപ്പെടുത്തി.

English Summary:

Cricketer Sumit Kumar on losing INR 1 crore IPL contract due to picture goof-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com