ADVERTISEMENT

ആലപ്പുഴ ∙ ക്യാപ്റ്റൻ ആര്യൻ ജുയലിന്റെ ഉജ്ജ്വല സെഞ്ചറിയുടെ (115*) കരുത്തില്‍, രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഉത്തർപ്രദേശ് (യുപി) ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 59 റൺസിന്റെ ലീഡ് സ്വന്തമാക്കിയ യുപി, മൂന്നാംദിനം വെളിച്ചക്കുറവ് മൂലം കളിനിർത്തുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിലാണ്. ആകെ ലീഡ് 278 ആയി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 243ൽ അവസാനിച്ചിരുന്നു. 5 വിക്കറ്റു നേടിയ അങ്കിത് രജ്പുത്തിന്റെ പ്രകടനവും യുപിയുടെ കുതിപ്പിൽ നിര്‍ണായകമായി.

43 റൺസ് നേടിയ സമർഥ് സിങ്ങിന്റെ വിക്കറ്റാണ് മൂന്നാംദിനം യുപിക്ക് നഷ്ടമായത്. ആദ്യ വിക്കറ്റിൽ ജുയലിനൊപ്പം 89 റണ്‍സ് ചേർത്ത താരം ജലജ് സക്സേനയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. നിലയുറപ്പിച്ചു കളിച്ച ജുയലിനൊപ്പം  പ്രിയം ഗാർഗ് (49*) കൂടി ചേർന്നതോടെ യുപി 200 പിന്നിട്ടു. ഇതുവരെ 186 പന്തു നേരിട്ട ജുയൽ 4 സിക്സും 7 ഫോറും സഹിതമാണ് 115 റൺസ് നേടിയത്.

നേരത്തെ യുപിയുടെ 302 റൺസ് പിന്തുടർന്ന കേരളം 74–ാം ഓവറിൽ 243 റൺസ് നേടി പുറത്തായി. കഴിഞ്ഞ ദിവസം വിഷ്ണു വിനോദ് (74) അർധ സെഞ്ചറി നേടിയിരുന്നു. ഞായറാഴ്ച 6ന് 220 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച് രണ്ടു റൺ ചേർക്കുമ്പോഴേക്കും രണ്ടു വിക്കറ്റുകൾ വീണു. ശ്രേയസ് ഗോപാൽ 36 റൺസും, ജലജ് സക്സേന ഏഴ് റൺസുമായും പുറത്തായി. പത്താം വിക്കറ്റിൽ എം.ഡി. നിധീഷ് 15 റൺസ് നേടിയത് ഒഴിച്ചാൽ കേരള ബാറ്റർ മാർക്ക് ഒന്നും ചെയ്യാനായില്ല. അവസാന 4 വിക്കറ്റുകളും അങ്കിത് രജപുത്താണ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്സിൽ 59 റൺസിന്‍റെ ലീഡാണ് കേരളം വഴങ്ങിയത്.

അരങ്ങേറ്റ മത്സരം കളിച്ച ഓപ്പണർ കൃഷ്ണപ്രസാദ് കേരള ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഔട്ടായി. പിന്നാലെ രോഹൻ എസ്.കുന്നുമ്മൽ (11), രോഹൻ പ്രേം (14) എന്നിവരും പുറത്തായതോടെ 3ന് 32 എന്ന നിലയിൽ കേരളം പ്രതിസന്ധിയിലായി. എന്നാൽ നാലാം വിക്കറ്റിൽ വിഷ്ണു വിനോദ്–സച്ചിൻ ബേബി (38) സഖ്യം 99 റൺസ് കൂട്ടിച്ചേർത്ത് രക്ഷകരായി.

രാജ്യാന്തര താരം കുൽദീപ് യാദവാണ് ഇരുവരെയും പുറത്താക്കിയത്. രോഹൻ പ്രേമിന്റെ വിക്കറ്റും കുൽദീപിനു തന്നെ. കുൽദീപിനെ സിക്സർ പറത്തിയാണു കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ തുടങ്ങിയതെങ്കിലും വലിയ സ്കോർ നേടാനായില്ല. യഷ് ദയാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിനു ക്യാച്ച് നൽകി സഞ്ജു (35) മടങ്ങി.

സെഞ്ചറിയില്ലാതെ റിങ്കു

ഇന്നലെ 5 വിക്കറ്റ് നഷ്ടത്തിൽ 244 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഉത്തർപ്രദേശിന് തുടക്കത്തിലേ ധ്രുവ് ജുറലിനെ (63) നഷ്ടമായി. സെഞ്ചറിയിലേക്കു കുതിച്ച റിങ്കു സിങ് (92), പിന്നാലെയെത്തിയ യഷ് ദയാൽ (0) എന്നിവരെ തുടർച്ചയായ പന്തുകളിൽ എം.ഡി.നിധീഷ് പുറത്താക്കി. 

English Summary:

Kerala vs Uttarpradesh Ranji trophy Cricket match day 3 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com