രഞ്ജി ട്രോഫി, ഉത്തർപ്രദേശിനെതിരെ കേരളത്തിനു സമനില
Mail This Article
ആലപ്പുഴ ∙ എസ്ഡി കോളജ് കെസിഎ ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിനു സമനില. ഒന്നാം ഇന്നിങ്സിൽ 59 റൺസ് ലീഡ് നേടിയ യുപി രണ്ടാം ഇന്നിങ്സിൽ 3ന് 323 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. 383 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു. സ്കോർ: ഉത്തർപ്രദേശ് 302, 323/3 ഡിക്ലയേഡ്, കേരളം– 243, 72/2.
ഒന്നാം ഇന്നിങ്സിൽ കേരളത്തിന്റെ 5 വിക്കറ്റുകൾ വീഴ്ത്തിയ അങ്കിത് രജ്പുത്താണു പ്ലെയർ ഓഫ് ദ് മാച്ച്.രണ്ടാം ഇന്നിങ്സിൽ യുപിക്കായി ക്യാപ്റ്റൻ ആര്യൻ ജുയൽ (115), പ്രിയം ഗാർഗ് (106) എന്നിവർ സെഞ്ചറി നേടി. കേരളത്തിനു വേണ്ടി ബേസിൽ തമ്പി, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് കൃഷ്ണപ്രസാദിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. രോഹൻ എസ്.കുന്നുമ്മൽ 43 റൺസ് നേടി. 29 റൺസെടുത്ത രോഹൻ പ്രേമും ഒരു റണ്ണുമായി സച്ചിൻ ബേബിയും പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്സിലെ ലീഡിന്റെ ബലത്തിൽ യുപിക്ക് 3 പോയിന്റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്റാണുള്ളത്. അസമിനെതിരെ 12 മുതൽ 15 വരെ ഗുവാഹത്തിയിലാണു കേരളത്തിന്റെ അടുത്ത മത്സരം.