ADVERTISEMENT

മുംബൈ∙ മുംബൈ ഇന്ത്യൻസിനു തിരിച്ചടിയായി സൂര്യകുമാര്‍ യാദവിന്റെ പരുക്ക്. സൂര്യകുമാര്‍ യാദവിന് ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന്റെ തുടക്കത്തിലെ ഏതാനും മത്സരങ്ങളും നഷ്ടമാകും. പരുക്കിനെ തുടർന്ന് രഞ്ജി സീസണിൽ ഒരു കളിയിലും സൂര്യയ്ക്ക് ഇറങ്ങാൻ സാധിക്കില്ല. താരം ഈ ആഴ്ച ജര്‍മനിയിലെ മ്യൂണിക്കിൽ ശസ്ത്രക്രിയയ്ക്കു വിധേയനാകും.

‘‘സൂര്യകുമാര്‍ യാദവ് നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ അദ്ദേഹം ജർമനിയിലേക്കു പോകും. അവിടെവച്ചായിരിക്കും സ്പോർട്സ് ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയ. രഞ്ജി സീസണിലെ മത്സരങ്ങളും ഐപിഎല്ലിലെ ഏതാനും മത്സരങ്ങളും അദ്ദേഹത്തിനു നഷ്ടമാകും.’’– ബിസിസിഐ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.

ജൂണിൽ ട്വന്റി20 ലോകകപ്പ് ഉള്ളതിനാൽ സൂര്യയ്ക്ക് വിശ്രമിക്കാൻ ആവശ്യത്തിനു സമയം അനുവദിക്കും. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് സൂര്യകുമാർ യാദവിന്റെ പ്രകടനം നിർണായകമാണ്. കഴിഞ്ഞ വർഷം സ്പോർട്സ് ഹെർണിയ സ്ഥിരീകരിച്ച കെ.എൽ. രാഹുലിനും ജർമനിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. കുറച്ചു മാസങ്ങള്‍ക്കു ശേഷമാണ് രാഹുൽ ടീം ഇന്ത്യയിലേക്കു തിരികെയെത്തിച്ചത്.

2021 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ സൂര്യകുമാർ യാദവ് ട്വന്റി20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. 2022 ൽ 31 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് 1164 റൺസാണ് സൂര്യ അടിച്ചെടുത്തത്. 2023 ൽ 18 മത്സരങ്ങളിൽ 733 റണ്‍സും താരം നേടി. ട്വന്റി20യിലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പുരസ്കാരത്തിനു പരിഗണിക്കുന്നവരിൽ സൂര്യകുമാർ യാദവ് മുൻനിരയിലുണ്ട്.

English Summary:

Suryakumar Yadav likely to miss first few matches of IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com