ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ബാബർ അസമിനെ, ഓപ്പണർ‌ സ്ഥാനത്തുനിന്നും നീക്കാൻ പിസിബി. ന്യൂസീലൻഡിനെതിരായ ട്വന്റി20 ടീമിൽ മുഹമ്മദ് റിസ്‍വാനൊപ്പം ഓപ്പണറായി പുതിയ താരത്തെ പരിഗണിക്കാനാണു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ജനുവരി 12 ന് ന്യൂസീലൻഡിലെ ഓക്‌ലൻഡിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. യുവതാരം സയിം അയൂബിനെ പരമ്പരയിൽ ഓപ്പണിങ് ബാറ്ററായി കളിപ്പിക്കും. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാനൊപ്പം യുവതാരം ഇറങ്ങുന്നതാകും നല്ലതെന്ന് പിസിബി കണക്കുകൂട്ടുന്നു.

അങ്ങനെയെങ്കിൽ ബാബറിന് ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങേണ്ടിവരും. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ സയിം അയൂബ് പാക്കിസ്ഥാനു വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കളിച്ചിരുന്നു. റിസ്‍വാനെയും ഓപ്പണറുടെ റോളിൽനിന്നു മാറ്റാൻ പാക്കിസ്ഥാൻ ആലോചിച്ചിരുന്നു. എന്നാൽ ടീം ഡയറക്ടറോടും പരിശീലകനോടും റിസ്‍വാൻ ചർച്ച നടത്തിയ ശേഷം ഈ തീരുമാനത്തിൽനിന്നു പാക്ക് ടീം പിന്നോട്ടുപോയി.

വൺ ഡൗണായിട്ടായിരിക്കും ന്യൂസീലൻഡിനെതിരെ ബാബർ അസം ബാറ്റിങ്ങിന് ഇറങ്ങുക. ഫഖർ സമാനായിരിക്കും ബാറ്റിങ്ങിൽ നാലാമൻ. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ മൊയീൻ ഖാന്റെ മകൻ അസം ഖാൻ ന്യൂസീലൻഡിനെതിരെ വിക്കറ്റ് കീപ്പറാകും. പേസർ ഷഹീൻ ഷാ അഫ്രീദിയുടെ കീഴിലാണ് പാക്കിസ്ഥാൻ ന്യൂസീലൻഡിനെ നേരിടാനൊരുങ്ങുന്നത്. ട്വന്റി20 ക്യാപ്റ്റന്റെ റോളിൽ ഷഹീന്റെ ആദ്യ മത്സരമാണിത്. മുഹമ്മദ് റിസ്‍വാനാണ് വൈസ് ക്യാപ്റ്റൻ.

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് ബാബർ അസം പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. മൂന്നു ഫോർമാറ്റിലും ഇനി ടീമിനെ നയിക്കാൻ താൽപര്യമില്ലെന്ന് ബാബർ പാക്ക് ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. ഒന്നാം നമ്പർ ഏകദിന ടീമായി ലോകകപ്പിനെത്തിയ പാക്കിസ്ഥാൻ സെമി ഫൈനലിലെത്താതെ പുറത്താകുകയായിരുന്നു. കളിച്ച ഒന്‍പതു മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും  പാക്കിസ്ഥാൻ തോറ്റു. പാക്കിസ്ഥാൻ കൂടുതൽ മത്സരങ്ങൾ തോറ്റ ലോകകപ്പ് എഡിഷനും ഇതായിരുന്നു.

English Summary:

After Pakistan's T20 captaincy, Babar set to lose opening position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com