ഗിൽ വേണ്ടെന്നു പറഞ്ഞിട്ടും രോഹിത് പിന്നോട്ടുപോയില്ല; പുറത്തായപ്പോൾ രോഷപ്രകടനം- വിഡിയോ
Mail This Article
മൊഹാലി∙ മാസങ്ങള്‍ക്കു ശേഷം ട്വന്റി20 ക്രിക്കറ്റിൽ തിരിച്ചെത്തിയ രോഹിത് ശർമയ്ക്ക് ബാറ്ററെന്ന നിലയിൽ നിരാശ സമ്മാനിച്ച മത്സരമായിരുന്നു അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20. മത്സരത്തിൽ രണ്ടു പന്തുകൾ മാത്രം നേരിട്ട രോഹിത് റണ്ണൊന്നുമെടുക്കാതെ പുറത്താകുകയായിരുന്നു. പന്തു നേരിട്ട രോഹിത് റണ്ണിനായി ഓടിയെങ്കിലും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുകയായിരുന്ന ശുഭ്മൻ ഗിൽ ഓടാൻ കൂട്ടാക്കിയില്ല.
ഗിൽ രോഹിത്തിനോട് ഓടേണ്ടെന്നു പറഞ്ഞെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ ഇതു ശ്രദ്ധിച്ചില്ല. ഈ സമയം കൊണ്ട് അഫ്ഗാനിസ്ഥാൻ താരം ഇബ്രാഹിം സദ്രാന്‍ പന്തെടുത്ത് വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് കൈമാറിയിരുന്നു. അഫ്ഗാന്‍ വിക്കറ്റ് കീപ്പർ താരത്തെ റൺഔട്ടാക്കുകയും ചെയ്തു. രോഷത്തോടെയാണ് രോഹിത് ശർമ ഗ്രൗണ്ടിൽനിന്നു മടങ്ങിയത്. താരം രൂക്ഷഭാഷയിൽ ശുഭ്മന്‍ ഗില്ലിനോടു സംസാരിക്കുന്നതും വിഡിയോയിലുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15 പന്തുകൾ ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ജയമുറപ്പിച്ചു. രണ്ടു സിക്സറുകളുടെയും അഞ്ചു ഫോറുകളുടെയും അകമ്പടിയോടെ 40 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
പുറത്തായതിന്റെ നിരാശ തനിക്കുണ്ടായിരുന്നെന്നു രോഹിത് ശർമ മത്സരത്തിനു ശേഷം പ്രതികരിച്ചു. 2022ലെ ട്വന്റി20 ലോകകപ്പിനു ശേഷം രോഹിത് ശർമ കളിച്ച ആദ്യ രാജ്യാന്തര ട്വന്റി20 മത്സരമായിരുന്നു ഇത്. രോഹിത്തിനൊപ്പം വിരാട് കോലിയും അഫ്ഗാനെതിരായ പരമ്പരയിലുണ്ട്. പക്ഷേ ആദ്യ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. യുവതാരം യശസ്വി ജയ്സ്വാളും ആദ്യ മത്സരത്തിന് ഇറങ്ങിയില്ല. ഇതോടെയാണ് രോഹിത് ശർമയ്ക്കൊപ്പം ശുഭ്മൻ ഗിൽ ഓപ്പണറായത്.