ഡീപ്ഫെയ്കിന് ഇരയായി സച്ചിൻ തെൻഡുൽക്കർ; വിഡിയോ പങ്കുവച്ചു, നടപടി വേണമെന്നും ആവശ്യം
Mail This Article
ന്യൂഡൽഹി∙ ഡീപ്ഫെയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്റേതായി പ്രചരിക്കുന്ന ഡീപ്ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് സച്ചിൻ തെൻഡുൽക്കർ പ്രതികരിച്ചത്. എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സച്ചിൻ മുന്നറിയിപ്പു നൽകുന്നു. ഒരു ഗെയിമിങ് ആപ്പിന്റെ പേരിലാണ് സച്ചിന്റെ ഡീപ്ഫെയ്ക് വിഡിയോ പ്രചരിക്കുന്നത്.
വിഡിയോയിൽ ഗെയിം ആപ്പിനെ പിന്തുണച്ചു സംസാരിക്കുന്നതു മാത്രമല്ല, സച്ചിന്റെ മകൾ സാറ ഇതിലൂടെ നേട്ടങ്ങളുണ്ടാക്കുന്നുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സച്ചിൻ തെൻഡുൽക്കർ അടുത്തിടെ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. ഇത്തരം കാര്യങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്നും സച്ചിൻ പ്രതികരിച്ചു. അതിനു പിന്നാലെയാണ് സച്ചിന്റെ ഡീപ്ഫെയ്ക് വിഡിയോ പുറത്തിറങ്ങിയത്.
‘‘പരാതികളുയരുമ്പോൾ പ്രതികരിക്കാനും ജാഗ്രത പാലിക്കാനും സമൂഹമാധ്യമങ്ങൾ തയാറാകണം. തെറ്റായ വിവരങ്ങളും ഡീപ്ഫെയ്കുകളും തടയുന്നതിന് അവരുടെ ഭാഗത്തുനിന്നുള്ള പെട്ടെന്നുള്ള നടപടികളും പ്രധാനമാണ്.’’– സച്ചിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഡീപ്ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തികളെയും സ്ഥാപനങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്കാ ചോപ്ര, രശ്മിക മന്ദാന എന്നിവരുടെ ഡീപ്ഫെയ്ക് വിഡിയോകള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.