അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി, ഗിൽ കഴിവിനോട് അനീതി കാണിച്ചു: വിമർശിച്ച് പാക്ക് താരം

Mail This Article
ഇസ്‍ലാമബാദ്∙ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെ വിമർശിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഗില്‍ തന്റെ കഴിവിനോട് അനീതിയാണു കാണിക്കുന്നതെന്ന് സൽമാൻ ബട്ട് പ്രതികരിച്ചു. ‘‘ഗിൽ പ്രതിഭയുള്ള താരമാണ്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ മികച്ച തുടക്കമാണു ഗില്ലിനു ലഭിച്ചത്. എന്നാൽ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. ഏറ്റവും മികച്ച ബാറ്ററായാലും എല്ലാ പന്തുകളും സ്വന്തം നിലയ്ക്കു കളിക്കാൻ സാധിക്കില്ലെന്നു ഗിൽ മനസ്സിലാക്കണം. പന്തുകളോടു മികച്ച രീതിയില്‍ താരം പ്രതികരിക്കണം.’’– സൽമാൻ ബട്ട് പറഞ്ഞു.
സ്വാഭാവികമായ രീതിയിൽ ഗിൽ കളിച്ചാൽ മതിയെന്നാണ് സൽമാൻ ബട്ടിന്റെ ഉപദേശം. ‘‘ഗിൽ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. സ്വാഭാവികമായ രീതിയില്‍ ബാറ്റു ചെയ്താൽ മതിയാകും. പന്തുകൾക്കു മേൽ ആധിപത്യം കാണിക്കുകയല്ല വേണ്ടത്.’’– സൽമാൻ ബട്ട് യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ ശുഭ്മൻ ഗില്ലിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഇറക്കിയിരുന്നില്ല.
യശസ്വി ജയ്സ്വാൾ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയതോടെ ഗിൽ ടീമിൽനിന്നു പുറത്താകുകയായിരുന്നു. രണ്ടാം മത്സരത്തിൽ ജയ്സ്വാൾ അർധ സെഞ്ചറി നേടിയതിനാൽ പരമ്പരയിലെ അവസാനത്തെ കളിയിലും യുവതാരം തന്നെ ഇന്ത്യയുടെ ഓപ്പണറാകും. ആദ്യ മത്സരത്തിൽ റണ്ണിനായി ഓടുന്നതിനിടെ ഗില്ലുമായുണ്ടായ ആശയക്കുഴപ്പത്തിൽ ക്യാപ്റ്റന്‍ രോഹിത് ശർമ റണ്ണൗട്ടായിരുന്നു. തുടർന്ന് രോഹിത് ഗ്രൗണ്ടിൽവച്ചു തന്നെ ശുഭ്മൻ ഗില്ലിനോട് ദേഷ്യപ്പെടുകയും ചെയ്തു.