ADVERTISEMENT

ബെംഗളൂരു ∙ അവസാന പന്തു വരെ ആവേശം, സമനില... സൂപ്പർ ഓവർ... വീണ്ടും സൂപ്പർ ഓവർ... ഒടുവിൽ വിജയം ഇന്ത്യയ്ക്ക് സ്വന്തം. ഇതോടെ അഫ്ഗാനെതിരായ മൂന്നു മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പരനേട്ടം രാജകീയമാക്കി. മത്സരത്തിലുടനീളം സൂപ്പർ സിക്സറുകളുമായി നിറഞ്ഞാടിയ ഹിറ്റ്മാന്റെ പ്രകടനവും രണ്ടാം സൂപ്പർ ഓവറിലെ രവി ബിഷ്നോയിയുടെ വിക്കറ്റ് നേട്ടവുമാണ് ആവേശ മത്സരത്തിന്റെ ഒടുവിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ഒപ്പണർമാരായ റഹ്മാനുള്ള ഗുർബസ് (32 പന്തിൽ 50) ഇബ്രാഹിം സദ്‍റാനും (41 പന്തിൽ 50) നൽകിയത്. സ്കോർ 93ൽ നിൽക്കെയാണ് അഫ്ഗാന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. കുൽദീപ് യാദവിന്റെ ബോളിങ്ങിൽ വാഷിങ്ടൻ സുന്ദർ ക്യാച്ചെടുത്താണ് റഹ്മാനുള്ള പുറത്തായത്. തൊട്ടുപിന്നാലെ സദ്റാനും അസ്മത്തുള്ള ഒമറാസി(1 പന്തിൽ പൂജ്യം)യും പുറത്തായതോടെ അഫ്ഗാൻ പരുങ്ങി.

രോഹിത് ശർമ (Photo: X/@BCCI)
രോഹിത് ശർമ (Photo: X/@BCCI)

നാലാമനായി ക്രീസിലെത്തിയ മുഹമ്മദ് നബി(16 പന്തിൽ 34)യെ കൂട്ടുപിടിച്ച് ഗുൽബാദിൻ നയിബ് സ്കോർ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 56 റൺസ് നിർണായകമായി. 23 പന്തിൽ നാലു ഫോറും നാലു സിക്സറും ഉൾപ്പെടെ 55 റണ്‍സ് നേടിയ നയിബ് ആണ് അഫ്ഗാന്റെ ടോപ് സ്കോറർ. നബി പോയതോടെ പിന്നാലെ എത്തിയ കരീം, നജുബുള്ള സദ്‍റാൻ എന്നിവർ യഥാക്രമം രണ്ടും അഞ്ചും റൺസെടുത്തു പുറത്തായി.

അവസാന ഓവറിൽ അഫ്ഗാന് ജയിക്കാനായി വേണ്ടിയിരുന്നത് 19 റൺസ്. ക്രീസിൽ നയിബ്, പന്തെറിയുന്നത് മുകേഷ് കുമാർ. ആദ്യ ബോൾ വൈഡ്, രണ്ടാം പന്തിൽ പന്ത് അതിർത്തി കടന്നു, അടുത്ത് പന്തിൽ റൺസൊന്നുമെടുത്തില്ലെങ്കിലും പിന്നീടും ഒരു വൈഡ് ലഭിച്ചു. അടുത്ത പന്തിൽ രണ്ടു റൺ, തുടർന്ന് ഒരു സിക്സർ, രണ്ടു ഡബിൾ – ആകെ നേടിയത് 18 റൺസ്. സമനിലയിൽ കലാശിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റും കുൽദീപ് യാദവ് അവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.

ആദ്യ സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശർമയും യശസ്വി ജയ്സ്‌വാളും 16 റൺസ് നേടി. രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ ഉയർത്തിയ 11 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാന് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒരു റൺ നേടാനെ കഴിഞ്ഞുള്ളൂ. അതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് 10 റൺസ് ജയം.

ഹിറ്റ്മാൻ റിട്ടേൺസ്!

ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഷോ ആയിരുന്നു. ആദ്യ രണ്ടു മത്സരത്തിൽ പൂജ്യത്തിനു പുറത്തായതിന്റെ ക്ഷീണം തീർത്ത് കൂറ്റൻ സെഞ്ചറിയുമായി രോഹിത് കളം നിറഞ്ഞപ്പോൾ അഫ്ഗാനെതിരെ ഇന്ത്യ മികച്ച സ്കോർ നേടി. 69 പന്തിൽ എട്ടു സിക്സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 121 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 4 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ രോഹിത്തും റിങ്കു സിങ്ങും ചേർന്നാണ് 212/4 എന്ന നിലയിലേക്ക് എത്തിച്ചത്. ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സ്വന്തം ആത്മവിശ്വാസത്തോടൊപ്പം ടീമിന്റെ ആത്മവിശ്വാസവും തിരിച്ചുപിടിക്കാൻ രോഹിത്തിന്റെ ഈ പ്രകടനം തുണയാകും.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്‌സ്‌വാളിനെ നഷ്ടമായി. സ്കോർ 18ൽ നിൽക്കെ ഫരീദ് അഹമ്മദ് എറിഞ്ഞ പന്തിൽ മുഹമ്മദ് നബി ക്യാച്ചെടുത്താണ് ജയ്‌സ്‌വാൾ (6 പന്തിൽ 4) പുറത്തായത്. പിന്നീടുള്ള സ്കോർ ബോർഡിൽ നാലു റൺ കൂട്ടി ചേർക്കുന്നതിനിടെ ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ വീണു. വിരാട് കോലിയും സഞ്ജു സാംസണും റണ്ണൊന്നുമെടുക്കാതെയും ഒരു റൺ മാത്രമെടുത്ത് ദുബെയും കളം വിട്ടു. ഇന്ത്യ കൂട്ടതകർച്ചയിൽ പതറി നിൽക്കെയാണ്, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കൂട്ടായി റിങ്കു സിങ് എത്തിയത്. പിന്നീടങ്ങോട്ട് ഇന്ത്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇരുവരും ചേർന്ന് നേടിയ 190 റൺസിന്റെ കൂട്ടികെട്ടാണ് ഇന്ത്യയുടെ സ്കോർ 200 കടത്തിയത്. റിങ്കു 39 ബോളിൽ 69 റൺസാണ് അടിച്ചെടുത്തത്. അതിൽ ആറു സിക്സറുകളും രണ്ടു ഫോറും ഉൾപ്പെടും. അഫ്ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് മാലിക് മൂന്നു വിക്കറ്റുകളും അസ്മത്തുള്ള ഒമർസായ് ഒരു വിക്കറ്റും നേടി.

English Summary:

India vs Afghanistan, Third T20 Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com