ആദ്യ രണ്ടു കളികളിൽ പൂജ്യം, ആ കണക്ക് പലിശയും കൂട്ടുപലിശയും ചേർത്ത് തീര്ത്തു; ഹിറ്റ്മാൻ റിട്ടേൺസ്!

Mail This Article
ബെംഗളൂരു∙ ആദ്യ 2 ട്വന്റി20 മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായതിന്റെ നിരാശ, പലിശയും കൂട്ടുപലിശയും ചേർത്ത് ബെംഗളൂരുവിലെ ചിന്നസ്വാമി മൈതാനത്ത് രോഹിത് ശർമ തീർത്തു. 69 പന്തിൽ 8 സിക്സും 11 ഫോറുമടക്കം പുറത്താകാതെ 121 റൺസുമായി രോഹിത്തും അപരാജിത അർധ സെഞ്ചറിയുമായി തിളങ്ങിയ റിങ്കു സിങ്ങുമാണ് (39 പന്തിൽ 69) ഒരുഘട്ടത്തിൽ 4ന് 22 എന്ന നിലയിലേക്കു വീണുപോയ ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. 95 പന്തിൽ 190 റൺസാണ് അഞ്ചാം വിക്കറ്റിൽ ഇവർ ഒരുമിച്ച് അടിച്ചുകൂട്ടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ യശസ്വി ജയ്സ്വാളിനെ (4) പുറത്താക്കിയ അഫ്ഗാൻ പേസർ ഫരീദ് അഹമ്മദ്, തൊട്ടടുത്ത പന്തിൽ വിരാട് കോലിയെ (0) മടക്കി ഇന്ത്യയെ ഞെട്ടിച്ചു. രാജ്യാന്തര ട്വന്റി20യിൽ കോലിയുടെ ആദ്യ ഗോൾഡൻ ഡക്കായിരുന്നു ഇത്. അടുത്ത ഓവറിൽ ശിവം ദുബെയെ (1) കൂടി നഷ്ടപ്പെട്ടതോടെ ഇന്ത്യ അപകടം മണത്തു. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണായിരുന്നു അഞ്ചാമനായി എത്തിയത്. എന്നാൽ ഫരീദ് അഹമ്മദ് എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച സഞ്ജു ഗോൾഡൻ ഡക്കായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
പൊരുതി വീണ് അഫ്ഗാൻ
വമ്പൻ ടോട്ടൽ പിന്തുടരുന്നതിന്റെ സമ്മർദമില്ലാതെയാണ് അഫ്ഗാൻ ഓപ്പണർമാർ തുടങ്ങിയത്. റഹ്മാനുല്ല ഗുർബാസും (32 പന്തിൽ 50)– ഇബ്രാഹിം സദ്രാനും (41 പന്തിൽ 50) ചേർന്ന് ഒന്നാം വിക്കറ്റിൽ 11 ഓവറിൽ 93 റൺസ് കൂട്ടിച്ചേർത്ത് അഫ്ഗാന് മികച്ച അടിത്തറ ഒരുക്കി. ഗുർബാസിനെ പുറത്താക്കിയ കുൽദീപ് യാദവാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
മധ്യ ഓവറുകളിൽ മുഹമ്മദ് നബിയുടെ (16 പന്തിൽ 34) ചെറുത്തുനിൽപ് നൽകിയ പ്രതീക്ഷ, അവസാന ഓവറുകളിലെ കൂറ്റനടികളിലൂടെ ഗുലാബ്ദ്ദീൻ ആളിക്കത്തിച്ചു. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു വിജയലക്ഷ്യം. അവസാന പന്തുവരെ പൊരുതിയ ഗുലാബ്ദ്ദീൻ 18 റൺസ് നേടി മത്സരം സൂപ്പർ ഓവറിൽ എത്തിച്ചു.