ജയിച്ചെന്നുറപ്പിച്ച കളി ആദ്യം കൈവിട്ടു, സൂപ്പർ ഓവറില് തിരിച്ചുപിടിച്ചു; സൂപ്പർ ഹിറ്റ് പോരാട്ടം
Mail This Article
ബെംഗളൂരു ∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ തിങ്ങിക്കൂടിയ ഇന്ത്യൻ ആരാധകരുടെ അമ്പരപ്പ് ഇപ്പോഴും മാറിക്കാണില്ല. ഒരു മത്സരം കാണാനെത്തിയ അവർ 2 സൂപ്പർ ഓവറുകൾ അടക്കം ‘മൂന്ന്’ മത്സരങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ജയിച്ചെന്നുറപ്പിച്ച മത്സരം കൈവിട്ടുപോകുന്നതും സൂപ്പർ ഓവറുകളിലൂടെ അത് ടീം ഇന്ത്യ തിരിച്ചുപിടിക്കുന്നതും അവിശ്വസനീയതയോടെ അവർ നോക്കിനിന്നു. ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാനെ തോൽപിച്ച് ഇന്ത്യയ്ക്ക് വിജയാശ്വാസം! തോറ്റെങ്കിലും തലയുയർത്തിത്തന്നെ അഫ്ഗാനിസ്ഥാന് മടങ്ങാം. പോരാട്ടവീര്യത്തിന്റെ പുതിയ ഏടാണ് ചിന്നസ്വാമിയിൽ അവർ ഇന്നലെ എഴുതിച്ചേർത്തത്.
ക്യാപ്റ്റൻ രോഹിത് ശർമയുടെ അപരാജിത സെഞ്ചറിയുടെയും ( 69 പന്തിൽ 121) റിങ്കു സിങ്ങിന്റെ ഫിനിഷിങ്ങിന്റെയും (39 പന്തിൽ 69 നോട്ടൗട്ട്) കരുത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയപ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചതാണ്. എന്നാൽ അവസാന ഓവറുകളിൽ ഗുലാബ്ദ്ദീൻ നെയ്ബ് നടത്തിയ (23 പന്തിൽ 55 നോട്ടൗട്ട്) അവിശ്വസനീയ തിരിച്ചടി മത്സരം സൂപ്പർ ഓവറിലേക്കു നീട്ടി. സ്കോർ: ഇന്ത്യ 20 ഓവറിൽ 4ന് 212. അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 6ന് 212. ജയത്തോടെ മൂന്നു മത്സര പരമ്പര ഇന്ത്യ തൂത്തുവാരി (3–0). രോഹിത്താണ് പ്ലെയർ ഓഫ് ദ് മാച്ച്. ശിവം ദുബെ പ്ലെയർ ഓഫ് ദ് സീരീസും.
സൂപ്പർ ഓവർ 1
മുകേഷ് കുമാർ എറിഞ്ഞ ഒന്നാം സൂപ്പർ ഓവറിൽ അഫ്ഗാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 16 റൺസ്. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ– യശസ്വി ജയ്സ്വാൾ സഖ്യമാണ് ഇന്ത്യയ്ക്കായി ബാറ്റിങ്ങിനെത്തിയത്. ആദ്യ പന്തിൽ ലെഗ് ബൈ സിംഗിൾ. അടുത്ത പന്തിൽ വീണ്ടും സിംഗിൾ. അടുത്ത രണ്ടു പന്തുകളിൽ രോഹിത്തിന്റെ സിക്സ്. അഞ്ചാം പന്തിൽ സിംഗിൾ. അവസാന പന്തിൽ വേണ്ടത് 2 റൺസ്. പന്തെറിയും മുൻപ് റിട്ടയേഡ് ഔട്ട് ആയി രോഹിത് മടങ്ങി. നോൺ സ്ട്രൈക്കറായി റിങ്കു സിങ്. ഒമർസായി എറിഞ്ഞ അവസാന പന്തിൽ ജയ്സ്വാളിന് നേടാനായത് ഒരു റൺ. മത്സരം വീണ്ടും ടൈ. വീണ്ടും സൂപ്പർ ഓവർ !
സൂപ്പർ ഓവർ 2
രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യ. ഫരീദ് എറിഞ്ഞ ആദ്യ പന്തിൽ രോഹിത്തിന്റെ സിക്സ്. രണ്ടാം പന്ത് ഫോർ. അടുത്ത പന്തിൽ സിംഗിൾ. നാലാം പന്തിൽ റിങ്കു സിങ് ഔട്ട്. ക്രീസിൽ സഞ്ജു സാംസൺ. അഞ്ചാം പന്തിൽ രോഹിത് റണ്ണൗട്ട്. അഫ്ഗാന് ജയിക്കാൻ 12 റൺസ്. ഇന്ത്യയ്ക്കായി ബോൾ ചെയ്യാൻ എത്തിയത് ലെഗ് സ്പിന്നർ രവി ബിഷ്ണോയ്. സ്ട്രൈക്കിൽ മുഹമ്മദ് നബി. ഫസ്റ്റ് ബോളിൽ നബി ഔട്ട്. രണ്ടാം പന്തിൽ കരിം ജനത്തിന്റെ സിംഗിൾ. അടുത്ത പന്ത് ലോങ് ഓഫിലേക്ക് നീട്ടിയടിച്ച ഗുർബാസിന്റെ പ്രതീക്ഷ റിങ്കുവിന്റെ കയ്യിൽ ഒതുങ്ങി. സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് 10 റൺസ് ജയം !
20–ാം ഓവറിൽ 36 !
രാജ്യാന്തര ട്വന്റി20യിൽ ഒരു ഓവറിൽ ഏറ്റവുമധികം റൺസ് പിറന്ന റെക്കോർഡിനും ഇന്നലത്തെ മത്സരം സാക്ഷിയായി. കരിം ജെനത് എറിഞ്ഞ 20–ാം ഓവറിൽ 36 റൺസാണ് രോഹിത്– റിങ്കു സഖ്യം നേടിയത്. 4, 6 (നോബോൾ) ,6,1,6,6,6 എന്നിങ്ങനെയായിരുന്നു സ്കോർ.