നാലാം മത്സരത്തിലും രക്ഷയില്ല, വീണ്ടും തോറ്റ് പാക്കിസ്ഥാൻ; ക്യാപ്റ്റൻ അഫ്രീദിക്കു നിരാശ
Mail This Article
ക്രൈസ്റ്റ്ചര്‍ച്ച്∙ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലും ന്യൂസീലൻഡിനു മുന്നിൽ തോൽവി സമ്മതിച്ച് പാക്കിസ്ഥാൻ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന നാലാം മത്സരത്തിൽ ഏഴു വിക്കറ്റുകൾക്കാണ് കിവീസിന്റെ വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യത്തിലേക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ ന്യൂസീലന്‍ഡ് എത്തി. പരമ്പരയിലെ ആദ്യ മൂന്നു കളികളും തോറ്റ പാക്കിസ്ഥാൻ നേരത്തേ പരമ്പര കൈവിട്ടിരുന്നു. ഷഹീൻ ഷാ അഫ്രീദി ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം തുടർച്ചയായ നാലാമത്തെ കളിയാണ് പാക്കിസ്ഥാൻ തോൽക്കുന്നത്.
ടോസ് നേടിയ ന്യൂസീലൻഡ് പാക്കിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 158 റൺസ്. ഓപ്പണര്‍ മുഹമ്മദ് റിസ്‍വാന്റെ ബാറ്റിങ് പ്രകടനമാണ് മോശമല്ലാത്ത സ്കോറിലേക്ക് പാക്കിസ്ഥാനെ എത്തിച്ചത്. 63 പന്തുകൾ നേരിട്ട റിസ്‍വാൻ 90 റൺസെടുത്തു പുറത്താകാതെനിന്നു. രണ്ടു സിക്സുകളും ആറു ഫോറുകളും താരം നേടി.ബാബർ അസം (11 പന്തിൽ 19), മുഹമ്മദ് നവാസ് (ഒൻപതു പന്തിൽ 21), ഇഫ്തിഖർ അഹമ്മദ് (14 പന്തിൽ 10) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ പോയ കിവീസ് ഡാരിൽ മിച്ചലിന്റേയും ഗ്ലെന്‍ ഫിലിപ്സിന്റേയും അർധ സെഞ്ചറിക്കരുത്തിൽ വിജയത്തിലെത്തി. മിച്ചൽ 44 പന്തിൽ 72 ഉം ഗ്ലെൻ ഫിലിപ്സ് 52 പന്തിൽ 70 റൺസും എടുത്തു പുറത്താകാതെനിന്നു. ഫിന്‍ അലൻ (നാല് പന്തിൽ എട്ട്), ടിം സെയ്ഫെട്ട് (പൂജ്യം), വിൽ യങ് (എട്ട് പന്തിൽ നാല്) എന്നിങ്ങനെയാണ് പുറത്തായ ന്യൂസീലൻഡ് ബാറ്റർമാരുടെ സ്കോറുകൾ. പാക്കിസ്ഥാനു വേണ്ടി ക്യാപ്റ്റൻ ഷഹീൻ അഫ്രീദി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
കോവിഡ് സ്ഥിരീകരിച്ചതിനാൽ ന്യൂസീലൻഡ് ഓപ്പണർ ഡെവോൺ കോൺവെ നാലാം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ടീം താമസിക്കുന്ന ഹോട്ടലിൽ ഐസലേഷനിലാണ് കോൺവേ. ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ താരത്തിനു കളിക്കാൻ സാധിക്കുമോയെന്നു വ്യക്തമല്ല. ന്യൂസീലൻഡിന്റെ ബോളിങ് കോച്ച് ആന്‍ഡ്രേ ആദംസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.