ADVERTISEMENT

ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കരുത്തരായ ബംഗ്ലദേശിനെ ഇന്ത്യ തോൽപ്പിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ്. മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിന്റെ മറുപടി 45.5 ഓവറിൽ 167 റൺസിൽ‌ അവസാനിച്ചു. ഇന്ത്യയുടെ വിജയം 84 റൺസിന്. നാലു വിക്കറ്റ് വീഴ്ത്തിയ സൗമി പാണ്ഡെയാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. ഇതോടെ, കഴിഞ്ഞ അണ്ടർ 19 ഏഷ്യാകപ്പ് ടൂർണമെന്റ് സെമിയിൽ ബംഗ്ലദേശിനോടേറ്റ തോൽവിക്കും ഇന്ത്യ പകരം വീട്ടി.

ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് നിരയിൽ ടോപ് സ്കോററായത് ഏക അർധസെഞ്ചറി കുറിച്ച മുഹമ്മദ് ഷിഹാബാണ്. 77 പന്തിൽ ഏഴു ഫോറുകൾ സഹിതം ഷിഹാബ് നേടിയത് 54 റൺസ്. ആരിഫുൽ ഇസ്‍ലാം 71 പന്തിൽ മൂന്നു ഫോറുകളോടെ 41 റൺസെടുത്തു. ഓപ്പണർമാരായ ആഷിഖുർ റഹ്മാൻ ഷിബ്‌ലി (35 പന്തിൽ 14), ജിഷാൻ ആലം (17 പന്തിൽ 14), ഷെയ്ഖ് പയ്‌വേസ് ജിബോൻ (28 പന്തിൽ 15) എന്നിവരും ഭേപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയ്ക്കായി സൗമി പാണ്ഡെ 9.5 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. മുഷീർഖാൻ 10 ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. രാജ് ലിംബാനി, അർഷിൻ കുൽക്കർണി, പ്രിയാൻഷു മോലിയ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ പടനയിച്ച് ആദർശ്, ഉദയ്

നേരത്തേ, ഓപ്പണർ ആദർശ് സിങ്ങും (76) ക്യാപ്റ്റൻ ഉദയ് സഹറാനും (64) അർധ സെഞ്ചറികൾ കണ്ടെത്തിയതോടെയാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ‌ പടുത്തുയർത്തിയത്. തുടക്കത്തിൽ 2ന് 31 എന്ന നിലയിൽ തകർച്ച മുന്നിൽക്കണ്ട ടീമിനെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 251 റൺസ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡില്‍ 17 റൺസ് ചേർക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. 7 റൺസ് നേടിയ അശ്വിൻ കുൽക്കർണി ബംഗ്ലാ വിക്കറ്റ് കീപ്പർ ആഷിഖ് റഹ്മാന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. എട്ടാം ഓവറിൽ മുഷീർ ഖാനും ആഷിഖ് റഹ്മാന്റെ കൈകളിൽ കുടുങ്ങി. മറുഫ് മൃധയാണ് ഇരുവരേയും പുറത്താക്കിയത്. പിന്നാലെയെത്തിയ ഉദയ് സഹറാൻ ഉറച്ചുനിന്നതോടെ സ്കോര്‍ കുതിച്ചു.

നാലാം വിക്കറ്റിൽ ആദർശും സഹറാനും ചേർന്നു നേടിയ 116 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. ക്ഷമയോടെ കളിച്ച ആദർശ് 96 പന്തിൽ 76 റൺസ് നേടിയാണ് പുറത്തായത്. സ്കോർ 169ൽ നിൽക്കേ സഹറാൻ മടങ്ങി. 94 പന്തിൽനിന്നാണ് താരം 64 റൺസ് നേടിയത്. പ്രിയാൻഷു മൊലിയ (23), എ.അവനിഷ് റാവു (23), മുരുകൻ പെരുമാൾ അഭിഷേക് (2), സച്ചിൻ ദാസ് (26*), രാജ് ലിംബാനി (2*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ബംഗ്ലദേശിനായി മറുഫ് മൃധ 5 വിക്കറ്റ് നേടി. മുഹമ്മദ് റിസ്‌വാൻ, മഹ്ഫുസർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.

English Summary:

India vs Bangladesh U19 Cricket World Cup Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com