ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും ഭാര്യ സന ജാവേദും വിവാഹിതരാകുന്നതിനു മുൻപു മൂന്നു വർഷത്തോളം അടുപ്പത്തിലായിരുന്നെന്നു പാക്കിസ്ഥാൻ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസമാണ് സനയുമൊത്തുള്ള വിവാഹ ചിത്രം മാലിക്ക് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സന ജാവേദിന്റെ അടുത്ത സുഹൃത്തുക്കൾ പോലും വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ഒരു പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് മാലിക്ക് പാക്ക് നടിയെ വിവാഹം ചെയ്തത്.

സാനിയയ്ക്കും മാലിക്കിനും അഞ്ചു വയസ്സുള്ള മകനുണ്ട്. സാനിയയ്ക്കൊപ്പമാണു മകൻ താമസിക്കുന്നത്. സന ജാവേദിന്റെ രണ്ടാം വിവാഹമാണിത്. ഗായകനായ ഉമർ ജസ്വാളിനെയാണ് സന ആദ്യം വിവാഹം കഴിച്ചത്. എന്നാൽ 2023 ൽ ഇരുവരും വേർപിരിഞ്ഞു. പാക്ക് മാധ്യമമായ സമ ടിവിയിലെ ഒരു മാധ്യമ പ്രവർത്തകനാണ് മാലിക്ക് പാക്കിസ്ഥാനി നടിയുമായി പ്രണയത്തിലായ വിവരം ആദ്യം പുറത്തുവിടുന്നത്. ഒരു റിയാലിറ്റി ഷോയുടെ സ്റ്റേജിൽവച്ചാണ് മാലിക്കും സനയും കണ്ടുമുട്ടുന്നത്. അതിനു ശേഷം ശുഐബ് മാലിക്ക് പങ്കെടുത്ത പല ടെലിവിഷൻ പരിപാടികളിലും സനയുമെത്തി. മാലിക്കിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് നടിയെയും പരിപാടികളിലേക്കു ക്ഷണിച്ചത്.

മാലിക്ക് സനയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ സാനിയ മിർസ, ഇക്കാര്യം പാക്ക് താരത്തിന്റെ ബന്ധുക്കളോടു പറഞ്ഞിരുന്നു. തുടർന്ന് മാലിക്കിന്റെ കുടുംബം ദുബായിലെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. മാലിക്കിന്റെ മൂത്ത സഹോദരിയുടെ ഭർത്താവ് ഇമ്രാൻ സഫറാണ് ഇക്കാര്യത്തില്‍ കൂടുതൽ ചർച്ചകൾ നടത്തിയത്. എന്നാൽ‌ വിവാഹ ബന്ധം തുടരേണ്ടതില്ലെന്ന് മാലിക്കും സാനിയയും തീരുമാനിച്ചു. കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മുതല്‍ സാനിയയ്ക്കൊപ്പമായിരുന്നു മാലിക്കിന്റെ കുടുംബം നിന്നത്. മാലിക്കിന്റെ മൂന്നാം വിവാഹത്തിൽ ബന്ധുക്കളാരും പങ്കെടുത്തതുമില്ല.

ശുഐബ് മാലിക്കിന് സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങളിൽ സാനിയ മിർസ മനംമടുത്തിരുന്നെന്ന വെളിപ്പെടുത്തലുമായി മാലിക്കിന്റെ സഹോദരി തന്നെ രംഗത്തെത്തി. സന ജാവേദുമായി നടന്ന മാലിക്കിന്റെ മൂന്നാം വിവാഹത്തിനോട് കുടുംബാംഗങ്ങൾക്ക് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. പ്രസവശേഷം ടെന്നിസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിർസ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിരമിച്ചത്. 20 വർഷം നീണ്ട ടെന്നിസ് കരിയറിൽ 43 ഡബിൾസ് കിരീട നേട്ടങ്ങളിൽ സാനിയ പങ്കാളിയായി.

English Summary:

Shoaib Malik and Sana Javed were in a relationship for nearly 3 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com