ADVERTISEMENT

ഹൈദരാബാദ് ∙ ഇംഗ്ലണ്ടിനെതിരായ 5 മത്സര ടെസ്റ്റ് പരമ്പരയിൽ കെ.എൽ.രാഹുൽ സ്പെഷലിസ്റ്റ് ബാറ്ററായാണ് കളിക്കുകയെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചതോടെ, ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ ആരാകുമെന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കെ.എസ്.ഭരത്, ധ്രുവ് ജുറൽ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഇതിൽ 5 ടെസ്റ്റ് മത്സരം മാത്രം കളിച്ചുപരിചയമുള്ള ഭരത്, ഇത്രയും മത്സരങ്ങളിൽ നിന്ന് 18.42 ശരാശരിയിൽ നേടിയത് 129 റൺസ്. ധ്രുവ് ജുറലിന് ഇത് അരങ്ങേറ്റ ടെസ്റ്റ് പരമ്പരയാണ്.

കീപ്പറില്ലാ കാലം

2015ൽ എം.എസ്.ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു ശേഷം സ്ഥിരതയാർന്ന വിക്കറ്റ് കീപ്പറെ കണ്ടെത്താൻ സിലക്ടർമാർക്കു സാധിച്ചിട്ടില്ല. വൃദ്ധിമാൻ സാഹയെ ആയിരുന്നു ധോണിക്കു പകരക്കാരനായി ആദ്യം തിരഞ്ഞെടുത്തത്. മികച്ച വിക്കറ്റ് കീപ്പറാണെങ്കിലും ബാറ്റിങ്ങിൽ ശരാശരി പ്രകടനം മാത്രം നടത്തുന്ന സാഹയെ പതിയെ സിലക്ടർമാർ തഴഞ്ഞു. പാർഥിവ് പട്ടേൽ, ദിനേശ് കാർത്തിക് തുടങ്ങിയവർ ഇടയ്ക്കു വന്നുപോയെങ്കിലും ടീമിൽ സ്ഥാനം നിലനിർത്താൻ സാധിച്ചില്ല. പിന്നാലെയെത്തിയ ഋഷഭ് പന്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ടീമിനു പുറത്തായതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി. പാർട് ടൈം വിക്കറ്റ് കീപ്പറായ കെ.എൽ.രാഹുലിനെ ഈ റോൾ ഏൽപിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരമുണ്ടായില്ല. ഇതോടെ ഇഷാൻ കിഷൻ, കെ.എസ്.ഭരത് തുടങ്ങിയവരെ സിലക്ടർമാർ മാറിമാറി പരീക്ഷിച്ചു.

ഭരത് VS ജുറൽ

ബാറ്റിങ്ങിൽ ശരാശരിയിൽ ഒതുങ്ങുമ്പോഴും 91 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 287 ക്യാച്ചും 33 സ്റ്റംപിങ്ങുമുള്ള ഭരത് ഇന്ത്യൻ പിച്ചുകളിൽ മികവു തെളിയിച്ച വിക്കറ്റ് കീപ്പറാണ്. ഇംഗ്ലണ്ട് ലയൺസിനെതിരെ കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിൽ സെഞ്ചറി നേടിയതും ഭരത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ മാത്രം പരിചയമുള്ള ജുറലിന്റെ പേരിൽ 34 ക്യാച്ചും 2 സ്റ്റംപിങ്ങുമുണ്ട്. 

   എന്നാൽ ഒരു ദീർഘകാല പ്ലാനാണ് മനസ്സിലെങ്കിൽ മുപ്പതുകാരനായ ഭരത്തിനെ തഴഞ്ഞ് ഇരുപത്തിമൂന്നുകാരനായ ജുറലിനെയാവും സിലക്ടർമാർ പരീക്ഷിക്കുക.

'രാഹുലിനെ സ്പെഷലിസ്റ്റ് ബാറ്ററായാണ് ടീമിൽ എടുത്തത്. സിലക്‌ഷൻ സമയത്തുതന്നെ ഈ കാര്യത്തിൽ ഞങ്ങൾക്കു വ്യക്തത ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഇന്ത്യൻ പിച്ചുകളും 5 മത്സര പരമ്പരയും പരിഗണിക്കുമ്പോൾ ഭരത്– ജുറൽ എന്നിവരിൽ ഒരാളായിരിക്കും വിക്കറ്റ് കീപ്പറായി എത്തുക' - രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകൻ

English Summary:

Bharat, Rahul or Jurel – who will keep wicket for India in the England Tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com