ശുഐബ് മാലിക്കുമായുള്ള വിവാഹം; പാക്ക് നടി സന ജാവേദിനെതിരെ സൈബർ ആക്രമണം
Mail This Article
ലഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചതിനു പിന്നാലെ പാക്ക് നടി സന ജാവേദിനെതിരെ സൈബര്‍ ആക്രമണം. സനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കു കീഴിൽ വിവാഹവുമായി ബന്ധപ്പെട്ട മോശം പ്രതികരണങ്ങൾ നിറയുകയാണ്. സന ജാവേദ് ഒരു ഫാഷൻ സ്ഥാപനത്തിനു വേണ്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു കീഴിലും വിദ്വേഷ പ്രതികരണങ്ങളാണ്. ഇന്ത്യൻ ടെന്നീസ് താരമായിരുന്ന സാനിയ മിർസയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് ശുഐബ് മാലിക്ക് കഴിഞ്ഞ ദിവസം സന ജാവേദിനെ വിവാഹം കഴിച്ചത്.
സാനിയ മിർസയെ പിന്തുണച്ചും നിരവധി ആരാധകർ സനയുടെ ചിത്രത്തിനു താഴെ പ്രതികരണങ്ങൾ നടത്തുന്നുണ്ട്. ശുഐബ് മാലിക്കും സന ജാവേദും വിവാഹിതരാകുന്നതിനു മുൻപു മൂന്നു വർഷത്തോളം അടുപ്പത്തിലായിരുന്നെന്നു പാക്കിസ്ഥാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. സന ജാവേദിന്റെ രണ്ടാം വിവാഹമാണിത്. ഗായകനായ ഉമർ ജസ്വാളിനെയാണ് സന ആദ്യം വിവാഹം കഴിച്ചത്. എന്നാൽ 2023 ൽ ഇരുവരും വേർപിരിഞ്ഞു.
പാക്ക് മാധ്യമമായ സമ ടിവിയിലെ ഒരു മാധ്യമ പ്രവർത്തകനാണ് മാലിക്ക് പാക്കിസ്ഥാനി നടിയുമായി പ്രണയത്തിലായ വിവരം ആദ്യം പുറത്തുവിടുന്നത്. ഒരു റിയാലിറ്റി ഷോയുടെ സ്റ്റേജിൽവച്ചാണ് മാലിക്കും സനയും കണ്ടുമുട്ടുന്നത്. അതിനു ശേഷം ശുഐബ് മാലിക്ക് പങ്കെടുത്ത പല ടെലിവിഷൻ പരിപാടികളിലും സനയുമെത്തി. മാലിക്കിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് നടിയെയും പരിപാടികളിലേക്കു ക്ഷണിച്ചത്.
മാലിക്ക് സനയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ സാനിയ മിർസ, ഇക്കാര്യം പാക്ക് താരത്തിന്റെ ബന്ധുക്കളോടു പറഞ്ഞിരുന്നു. തുടർന്ന് മാലിക്കിന്റെ കുടുംബം ദുബായിലെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ വിവാഹ ബന്ധം തുടരേണ്ടതില്ലെന്ന് മാലിക്കും സാനിയയും തീരുമാനിക്കുകയായിരുന്നു. കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മുതല്‍ സാനിയയ്ക്കൊപ്പമായിരുന്നു മാലിക്കിന്റെ കുടുംബം നിന്നത്.