രാഹുലും ജഡേജയും പരുക്കേറ്റു പുറത്ത്, രണ്ടാം ടെസ്റ്റിനില്ല; സർഫറാസ് ഖാന് ഇന്ത്യൻ ടീമിൽ
Mail This Article
ഹൈദരാബാദ്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും കളിക്കില്ല. ആദ്യ മത്സരത്തിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ഇരു താരങ്ങൾക്കും പരുക്കേറ്റതായി ബിസിസിഐ സ്ഥിരീകരിച്ചത്. പകരക്കാരായി സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിങ്ടൻ സുന്ദർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
ഇന്ത്യ– ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ നാലാം ദിവസമാണ് രവീന്ദ്ര ജഡേജയ്ക്കു കാലിനു പരുക്കേറ്റത്. കാലിലെ മസിലുകൾക്കു വേദന അനുഭവപ്പെട്ടതോടെ കെ.എൽ. രാഹുലിനെയും രണ്ടാം മത്സരത്തിൽനിന്നു മാറ്റിനിർത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇരുവരെയും ബിസിസിഐയുടെ മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ട്. ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിലേക്ക് വാഷിങ്ടൻ സുന്ദറിന്റെ പകരക്കാരനായി സരന്‍ഷ് ജെയിനെയും ഉള്‍പ്പെടുത്തി.
ആദ്യ ടെസ്റ്റില്‍ 28 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോറ്റത്. 231 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 69.2 ഓവറിൽ 202 റൺസെടുത്തു പുറത്തായി. ഈ സാഹചര്യത്തിൽ രണ്ടാം മത്സരത്തിലെ പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് സർഫറാസ് ഖാന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് സിലക്ഷൻ ലഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോം തുടരുമ്പോഴും താരത്തെ ദേശീയ ടീമിലേക്കു ബിസിസിഐ പരിഗണിച്ചിരുന്നില്ല.