ADVERTISEMENT

ബ്ലുംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ മിന്നും ഫോമിലുള്ള മുഷീർ ഖാന്റെ സെഞ്ചറി, പിന്നാലെ ബോളർമാരുടെ ഉജ്വല പ്രകടനം; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസീലൻഡിനെ നിഷ്പ്രഭരാക്കി ഇന്ത്യ. സൂപ്പർ സിക്സ് മത്സരത്തിൽ 214 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. സ്കോർ: ഇന്ത്യ– 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 295. ന്യൂസീലൻഡ്–28.1 ഓവറിൽ 81നു പുറത്ത്. സെഞ്ചറിക്കു (126 പന്തിൽ 131) പുറമെ 10 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തിയ മുഷീറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സൂപ്പർ സിക്സിലെ രണ്ടാം മത്സരത്തിൽ വെള്ളിയാഴ്ച ഇന്ത്യ നേപ്പാളിനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ഇന്ത്യയ്ക്ക്, വൺഡൗൺ ആയി ഇറങ്ങിയ മുഷീറിന്റെ ഇന്നിങ്സാണ് തുണയായത്. 13 ഫോറും 3 സിക്സും അടങ്ങുന്നതാണ് മുംബൈ താരത്തിന്റെ ഇന്നിങ്സ്. ഓപ്പണർ ആദർശ് സിങ് (52), ക്യാപ്റ്റൻ ഉദയ് സഹറാൻ (34) എന്നിവർ മികച്ച പിന്തുണ നൽകി. അയർലൻഡിനെതിരെ പ്രാഥമിക റൗണ്ട് മത്സരത്തിലും മുഷീർ സെഞ്ചറി നേടിയിരുന്നു. 4 മത്സരങ്ങളിൽ നിന്ന് 81.25 ബാറ്റിങ് ശരാശരിയിൽ 325 റൺസുമായി ടൂർണമെന്റ് ടോപ് സ്കോറർമാരിലും മുഷീർ ഒന്നാം സ്ഥാനത്തേക്കു കയറി. 4 വിക്കറ്റുകളും ലെഫ്റ്റ് ആം സ്പിന്നറായ മുഷീറിന്റെ പേരിലുണ്ട്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനെ ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റുകളുമായി ഇന്ത്യൻ പേസർ രാജ് ലിംബാനി ഞെട്ടിച്ചു. ഉജ്വലമായ ഇൻസ്വിങ്ങറുകളെറിഞ്ഞ ലിംബാനി ആദ്യ പന്തിൽ തോമസ് ജോൺസിനെ (0) ക്ലീൻ ബോൾഡാക്കി. അഞ്ചാം പന്തിൽ ഇന്ത്യൻ വംശജനായ സ്നേഹിത് റെഡ്ഡി (0) വിക്കറ്റിനു മുന്നിൽ കുരുങ്ങി. ലിംബാനി തുടങ്ങി വച്ചത് ലെഫ്റ്റ് ആം സ്പിന്നർ സോമി കുമാർ പാണ്ഡെ (19 റൺസിന് 4 വിക്കറ്റ്) ഏറ്റെടുത്തതോടെ കിവീസ് തകർന്നടിഞ്ഞു. 

ചേട്ടൻ സീനിയർ ടീമിൽ; ആഘോഷം അനിയന്റെ വക!

കഴിഞ്ഞ ദിവസം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു വിളിയെത്തിയ മുംബൈ താരം സർഫറാസ് ഖാന്റെ അനിയനാണ് മുഷീർ ഖാൻ. ചേട്ടൻ സീനിയർ ടീമിലെത്തിയതിന് അണ്ടർ 19 ലോകകപ്പിൽ സെഞ്ചറിയോടെ മുഷീർ ആഘോഷം തീർത്തു. രഞ്ജി ട്രോഫിയിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഇരുപത്തിയാറുകാരൻ സർഫറാസിന് സീനിയർ ടീമിലേക്കുള്ള വഴി തുറന്നതെങ്കിൽ അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ പതിനെട്ടുകാരൻ മുഷീറും ഭാവിപ്രതീക്ഷ നൽകിക്കഴിഞ്ഞു.

English Summary:

ICC U19 Cricket World Cup India Beat New Zealand for 214 Runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com