ADVERTISEMENT

വിശാഖപട്ടണം ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. അഞ്ചുമത്സര പരമ്പരയിൽ‌ ഇംഗ്ലണ്ടിനോടൊപ്പമെത്താൻ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. രോഹിത് ശർമയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ ഇത്തവണ മാറ്റങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്. കെ.എൽ.രാഹുലും രവീന്ദ്ര ജഡേജയും ഇല്ലാതെ ഇറങ്ങുന്ന ടീമിൽ പുതുമുഖ താരങ്ങൾ അരങ്ങേറിയേക്കും. കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാവുകയാണെങ്കിൽ വിശാഖപട്ടണത്തെ വൈ.എസ്.രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ നിരവധി റെക്കോർഡുകളും ഇന്ത്യൻ താരങ്ങൾക്ക് സ്വന്തമാക്കാം.

∙ ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം: സീനിയർ താരമായ സ്പിന്നർ ആർ.അശ്വിന് ടെസ്റ്റ് കരിയറിലെ വിക്കറ്റുകളുടെ എണ്ണം 500 തികയ്ക്കാൻ ഇനി വേണ്ടത് കേവലം നാലു വിക്കറ്റുകൾ മാത്രമാണ്. 96 മത്സരങ്ങളിൽനിന്നായി 496 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. അനിൽ കുംബ്ലെ മാത്രമാണ് ഇതിനുമുൻപ് 500 വിക്കറ്റു നേടിയിട്ടുള്ള ഇന്ത്യൻ താരം. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ എട്ടുപേർക്ക് മാത്രമാണ് 500 വിക്കറ്റ് നേടാനായത്. രണ്ടാം ടെസ്റ്റിൽ നാലു വിക്കറ്റു പിഴുതാൽ അശ്വിന് ഈ നാഴികക്കല്ലു പിന്നിടാം.

∙ ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം: അശ്വിന്‍ തന്നെയാണ് ഈ നേട്ടത്തിനും തൊട്ടരികിൽ എത്തിയിരിക്കുന്നത്. മുന്നിലുള്ളതാവട്ടെ കുംബ്ലെയും. 35 തവണയാണ് കുംബ്ലെ ടെസ്റ്റിൽ 5 വിക്കറ്റു നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 34 ആണ് അശ്വിന്റെ നേട്ടം. കുംബ്ലെയ്ക്ക് ഒപ്പമെത്താൻ ഒരു ഇന്നിങ്സിലും കുംബ്ലെയെ മറികടക്കാൻ രണ്ട് ഇന്നിങ്സിലും താരം 5 വിക്കറ്റ് നേടേണ്ടിവരും.

∙ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ്:
രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റ് നേടാനായാൽ ഇംഗ്ലണ്ടിനെതിരെ 100 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം അശ്വിന് സ്വന്തമാക്കാം. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകളിൽനിന്ന് 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും അശ്വിന് ഇതിലൂടെ നേടാനാവും. ഇംഗ്ലിഷ് പേസർ ജെയിംസ് ആൻഡേഴ്സനാണ് ആദ്യത്തെയാൾ.

∙ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 100 വിക്കറ്റ് തികയ്ക്കാൻ ബുമ്ര: ഇന്ത്യൻ ബോളിങ്ങിന്റെ കുന്തമുനയായ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 100 വിക്കറ്റ് തികയ്ക്കാൻ ഇനി വേണ്ടത് 3 വിക്കറ്റുകൾ മാത്രമാണ്. മുൻപ് ആർ.അശ്വിൻ മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരം. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇതുവരെ 23 മത്സരങ്ങളിൽനിന്നായി 97 വിക്കറ്റാണ് ബുമ്രയുടെ സമ്പാദ്യം.

∙ റൺനേട്ടത്തിൽ റെക്കോർഡ് ഒരുക്കാൻ രോഹിത്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് നിലവിൽ വിരാട് കോലിയുടെ പേരിലാണ്. എന്നാൽ ഈ റെക്കോർഡ് മറികടക്കാൻ രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വേണ്ടത് 21 റൺസ് മാത്രമാണ്. കോലി 2235 റൺസ് നേടിയപ്പോൾ രോഹിത് കണ്ടെത്തിയത് 2215 റൺസാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സെഞ്ചറികൾ നേടിയ നാലാമത്തെ താരമാണ് രോഹിത്. നിലവിൽ 46 സെഞ്ചറിയാണ് താരത്തിന്റെ പേരിലുള്ളത്. രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടാനായാൽ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ 48 സെഞ്ചറിക്ക് ഒപ്പമെത്താൻ രോഹിത്തിനാവും. സച്ചിൻ തെൻഡുൽക്കർ (100), വിരാട് കോലി (80) എന്നിവരാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ.

ഇന്ത്യൻ താരങ്ങളേക്കാത്ത് വ്യക്തിഗത നേട്ടങ്ങൾ കൈയകലത്ത് ഉള്ളപ്പോൾ ഇംഗ്ലണ്ട് ടീമിനും രണ്ടാം ടെസ്റ്റിൽ നിർണായക നേട്ടങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. 2012നു ശേഷം ഇന്ത്യയിൽ നടന്ന പരമ്പരകളിൽ രണ്ട് മത്സരങ്ങളിൽ ജയിക്കാൻ ഇംഗ്ലണ്ടിനായിട്ടില്ല. 12 വർഷത്തിനിപ്പുറം ആ കളങ്കം മായ്ക്കാനുള്ള തയാറെടുപ്പുമായാവും ഇംഗ്ലണ്ട് വെള്ളിയാഴ്ച ഇന്ത്യയെ നേരിടുക. സൂപ്പർ താരം വിരാട് കോലിയുടെ അഭാവം മറികടക്കാൻ ടീം ഇന്ത്യ സ്വീകരിക്കുന്ന തന്ത്രങ്ങളും നിർണായകമാവും. 

English Summary:

Records that can be broken during 2nd test between India and England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com