ADVERTISEMENT

ബ്ലുംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ–19 ക്രിക്കറ്റ് ലോകകപ്പിൽ, ക്യാപ്റ്റൻ ഉദയ് സഹറാൻ മുന്നിൽനിന്നു നയിച്ച മത്സരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 133 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി സഹറാനും സച്ചിൻ ദാസും സെഞ്ചറി കണ്ടെത്തിയപ്പോൾ ബോളിങ്ങിൽ പതിവുപോലെ സൗമി പാണ്ഡെയും ഉജ്വല പ്രകടനം പുറത്തെടുത്തു. ജയത്തോടെ ഇന്ത്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. സ്കോർ‌: ഇന്ത്യ – 50 ഓവറിൽ 5ന് 297. നേപ്പാൾ – 50 ഓവറിൽ 9ന് 165.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ അൽപം പതറിയെങ്കിലും സഹാറും സച്ചിനും ചേർന്ന് ഇന്ത്യയെ വലിയ ടോട്ടലിൽ എത്തിക്കുകയായിരുന്നു. 62 റണ്‍സെടുക്കുന്നതിനിടെ ആദ്യ മൂന്നു വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ഓപ്പണർമാരായ ആദർശ് സിങ് (21), അർഷിൻ കുൽക്കർണി (18) എന്നിവർ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ പ്രിയാൻഷു മൊലിയ (19) റണ്ണൗട്ടായി. പിന്നീടു ചേർന്ന സഹറാൻ – സച്ചിൻ സഖ്യം നാലാം വിക്കറ്റിൽ 215 റൺസ് കൂട്ടിച്ചേർത്തു. 

101 പന്തില്‍ 116 റണ്‍സാണ് സച്ചിന്‍ ദാസിന്റെ സംഭാവന. 11 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഒന്‍പത് ഫോറുകളുടെ അകമ്പടിയോടെ 107 പന്തില്‍ 100 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഇരുവരെയും ഗുല്‍സന്‍ ഝായാണ് മടക്കിയത്. കഴിഞ്ഞ കളിയിൽ സെഞ്ചറി നേടിയ മുഷീര്‍ ഖാന്‍ 9 റണ്‍സുമായി പുറത്താവാതെ നിന്നു. നേപ്പാളിനായി ഗുല്‍സന്‍ ഝാ മൂന്നും ആകാശ് ചന്ദ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ തുടക്കത്തിൽ പ്രതിരോധിച്ചു കളിച്ചെങ്കിലും പിന്നീട് തകർന്നടിയുകയായിരുന്നു. 2ന് 71 എന്ന നിലയിൽനിന്ന് 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവര്‍ക്ക് 5 വിക്കറ്റുകൾ നഷ്ടമായി. വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ദേവ് ഖനൽ നടത്തിയ ചെറുത്തുനിൽപ്പാണ് അവരുടെ സ്കോർ 100 കടത്തിയത്. 33 റൺസ് നേടിയ ദേവ് ഖനൽ ആണ് അവരുടെ ടോപ് സ്കോറർ. 6 ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയ്ക്കായി സൗമി പാണ്ഡെ 4 വിക്കറ്റും അർഷിൻ കുൽക്കർണി 2 വിക്കറ്റും നേടി. 

English Summary:

ICC Under 19 Cricket World Cup India vs Nepal Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com