പന്തെറിയുന്നതിനിടെ അശ്വിൻ കൈ ഉയർത്തി, കൺഫ്യൂഷനിലായി ആൻഡേഴ്സൻ; പരാതി പറഞ്ഞ് താരം- വിഡിയോ
Mail This Article
വിശാഖപട്ടണം∙ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിനിടെ ആര്‍. അശ്വിനെതിരെ തിരിഞ്ഞ് ഇംഗ്ലിഷ് ബോളർ ജെയിംസ് ആൻഡേഴ്സന്‍. രണ്ടാം ദിവസം ഇന്ത്യ ബാറ്റിങ് തുടരുമ്പോഴായിരുന്നു സംഭവം. ആൻഡേഴ്സൻ പന്തെറിയുന്നതിനിടെ നോൺ സ്ട്രൈക്കറായിരുന്ന ആർ. അശ്വിൻ വെറുതെ കൈ ഉയർത്തിയതാണ് ഇംഗ്ലിഷ് വെറ്ററൻ പേസറെ പ്രകോപിപ്പിച്ചത്. റൺ അപ് മതിയാക്കിയ ആന്‍ഡേഴ്സൻ മടങ്ങുന്നതിനിടെ അശ്വിനെതിരെ അംപയറോടു പരാതി പറയുകയും ചെയ്തു.
ജഴ്സി ശരിയാക്കാനെന്ന രീതിയിലാണ് ആൻഡേഴ്സന്റെ ബോളിങ്ങിനിടെ അശ്വിൻ കൈ ഉയർത്തിയത്. പന്തെറിയാൻ മടങ്ങുമ്പോൾ അശ്വിനെ ആൻഡേഴ്സൻ തുറിച്ചുനോക്കുന്നതും വിഡിയോയിലുണ്ട്. പിന്നീട് അംപയർ അശ്വിനുമായി സംസാരിച്ച ശേഷം പ്രശ്നം പരിഹരിക്കുകയായിരുന്നു. മത്സരത്തിൽ ആൻഡേഴ്സന്റെ പന്തിൽ തന്നെ അശ്വിൻ പുറത്താകുകയും ചെയ്തു. 37 പന്തുകൾ നേരിട്ട താരം 20 റൺസെടുത്താണു മടങ്ങിയത്.
ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്സ് ക്യാച്ചെടുത്തു താരത്തെ പുറത്താക്കുകയായിരുന്നു. 25 ഓവറുകൾ പന്തെറിഞ്ഞ ജെയിംസ് ആൻഡേഴ്സൻ 47 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണു മത്സരത്തിൽ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസിനു പുറത്തായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാൾ ഡബിൾ സെഞ്ചറി നേടി. 290 പന്തുകളിൽ 209 റൺസാണു ജയ്സ്വാൾ അടിച്ചെടുത്തത്.