ADVERTISEMENT

വിശാഖപട്ടണം∙ മോശം ഫോം തുടരുന്ന ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലിന് മുന്നറിയിപ്പുമായി ഇന്ത്യൻ ടീം മുൻ പരിശീലകൻ രവി ശാസ്ത്രി. 2023 ഏകദിന ലോകകപ്പിനു ശേഷം താരത്തിന് മികച്ച ബാറ്റിങ് പ്രകടനം നിലനിർത്താൻ സാധിച്ചിട്ടില്ല. ലോകകപ്പിനിടെ ഗില്ലിന് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. രോഗം മാറി തിരിച്ചെത്തിയ താരത്തിനു പഴയ ഫോമിലേക്കു തിരിച്ചെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും താരത്തിലുള്ള വിശ്വാസം ബിസിസിഐ കൈവിട്ടിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരങ്ങളിലും ഗിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണു പുറത്തെടുത്തത്.

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിൽ നിലയുറപ്പിച്ചു കളിക്കാൻ ബുദ്ധിമുട്ടിയ ഗിൽ, ഒന്നാം ഇന്നിങ്സിൽ 23 റണ്‍സെടുത്തു, രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായി. യശസ്വി ജയ്സ്വാൾ ഓപ്പണറായി എത്തിയതോടെ ശുഭ്മൻ ഗില്ലിന് ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങേണ്ടിവന്നിരുന്നു. വൺ ‍ഡൗണായാണ് ശുഭ്മൻ ഗിൽ ഇപ്പോൾ കളിക്കാനിറങ്ങുന്നത്.

‘‘ടെസ്റ്റിൽ ഇന്ത്യയുടേത് ഒരു യുവനിരയാണ്. യുവതാരങ്ങൾ സ്വയം തെളിയിക്കേണ്ടതുണ്ട്. പൂജാര പുറത്ത് കാത്തിരിക്കുകയാണെന്ന കാര്യം മറക്കരുത്. രഞ്ജി ട്രോഫിയിൽ തിളങ്ങിയ ചേതേശ്വർ പൂജാര എപ്പോഴും ബിസിസിഐയുടെ റഡാറിൽ ഉണ്ടാകും. ഇതൊരു ടെസ്റ്റ് മത്സരമാണ്. നിങ്ങൾ ക്രീസിൽ നിലയുറപ്പിച്ചു കളിക്കണം.’’– രവി ശാസ്ത്രി കമന്ററിക്കിടെ പ്രതികരിച്ചു.

രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കു വേണ്ടി ഗംഭീര പ്രകടനമാണു ചേതേശ്വർ പൂജാര നടത്തുന്നത്. ഫോം തുടർന്നാൽ പൂജാര ടെസ്റ്റ് ടീമിൽ തിരിച്ചെത്താനും സാധ്യതയുണ്ട്. സീനിയർ താരങ്ങളെ ഒഴിവാക്കി ടീമിലെടുത്തിട്ടും പ്രധാന മത്സരങ്ങളിൽ ഗിൽ നിരാശപ്പെടുത്തുന്നതിൽ ആരാധകരും അസ്വസ്ഥരാണ്. ഗില്ലിനെതിരെ സമൂഹമാധ്യങ്ങളിലും വിമർശനങ്ങൾ ശക്തമാകുന്നുണ്ട്.

English Summary:

Ravi Shastri sends warning to Shubman Gill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com