ADVERTISEMENT

റായ്പുർ ∙ ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സമനില വഴങ്ങി കേരളം. കേരളമുയർത്തിയ 290 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഛത്തീസ്ഗഡ് 1ന് 79 എന്നനിലയില്‍ നില്‍ക്കേ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയ കേരളത്തിന് കൂടുതല്‍ പോയിന്റ് ലഭിച്ചു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകൾ മങ്ങി. ഇനി അവശേഷിക്കുന്ന മത്സരങ്ങൾ ശക്തരായ ബംഗാളിനും ആന്ധ്രപ്രദേശിനുമെതിരെയാണ്. ഇരു ടീമുകളേയും പരാജയപ്പെടുത്തുകയെന്നത് എളുപ്പമാകില്ല. 

Read Also: തിളങ്ങിയില്ലെങ്കിൽ പുറത്തെന്ന് അന്ത്യശാസനം; സെഞ്ചറി പ്രകടനത്തിലൂടെ മറുപടി നൽകി ഗിൽ

മറുപടി ഇന്നിങ്സില്‍ 14 റൺസെടുത്ത ശശാങ്ക് ചന്ദ്രശേഖറിന്റെ വിക്കറ്റാണ് ഛത്തീസ്ഗഡിന് നഷ്ടമായത്. ബേസില്‍ തമ്പിയുടെ പന്തിൽ ക്ലീൻ ബോൾഡ് ആവുകയായിരുന്നു. എന്നാല്‍ റിഷഭ് തിവാരി (39), അഷുതോഷ് സിങ് (25) എന്നിവര്‍ ക്രീസില്‍ ഉറച്ചുനിന്നു. ഇതോടെ സമനിലയിൽ പിരിയാൻ തീരുമാനിച്ചു. നേരത്തേ, രണ്ടാം ഇന്നിങ്സില്‍ കേരളം 5ന് 251 എന്ന നിലയില്‍ നില്‍ക്കേ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 94 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്സില്‍ സച്ചിന്‍ 91 റണ്‍സെടുത്തിരുന്നു. മുഹമ്മദ് അസറുദ്ദീന്‍ 50 റണ്‍സുമായി പുറത്താവാതെ നിന്നു.

നാലാംദിനം 2ന് 69 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് വിഷ്ണു വിനോദ് (24), ക്യാപ്റ്റൻ സഞ്ജു സാംസൺ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. 22 പന്തില്‍ 24 റണ്‍സെടുത്ത വിഷ്ണു വിനോദിനെ അജയ് മൻഡൽ ബോള്‍ഡാക്കി. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു രണ്ട് ഫോറും ഒരു സിക്സും സഹിതമാണ് 24 റൺസ് നേടിയത്. അജയ് മൻഡലിന്റെ പന്തിൽ ശശാങ്ക് ചന്ദ്രാകറിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

English Summary:

Ranji Trophy Kerala vs Chhattisgarh Day 4 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com