ADVERTISEMENT

വിശാഖപട്ടണം ∙ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ അവസാനിച്ചപ്പോൾ 33 വിക്കറ്റാണ് 4 ഇന്നിങ്സുകളിലുമായി ഇംഗ്ലണ്ട് സ്പിന്നർമാർ നേടിയത്. മറുവശത്ത് ഇന്ത്യൻ സ്പിന്നർമാരുടെ ആകെ വിക്കറ്റ് നേട്ടം 23! ഇന്ത്യൻ പിച്ചുകളിൽ കന്നി ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയ 4 ഇംഗ്ലിഷ് സ്പിന്നർമാരും ചേർന്ന് 33.90 ബോളിങ് ശരാശരിയി‍ൽ, 3.48 ഇക്കോണമി റേറ്റിനുള്ളിലാണ് ഈ പ്രകടനം നടത്തിയത്.

മറുവശത്ത്, ഉറക്കത്തിൽപോലും ഈ പിച്ചുകളുടെ അകവും പുറവും കാണാതറിയുന്ന ഇന്ത്യൻ സ്പിന്നർമാരുടെ ബോളിങ് ശരാശരി 38.39, ഇക്കോണമി റേറ്റ് 4.18 എന്നിങ്ങനെ. രണ്ടാം ടെസ്റ്റ് പേസർ ജസ്പ്രീത് ബുമ്രയുടെ ചിറകിലേറി ഇന്ത്യ ജയിച്ചെങ്കിലും സ്പിന്നർമാരുടെ പ്രകടനം ഇനിയുള്ള മത്സരങ്ങളിൽ ആശങ്കയാണ്. 

ഇന്ത്യയ്ക്ക് പിഴച്ചത്?

490 ടെസ്റ്റ് വിക്കറ്റുകളുമായാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ഇന്ത്യയുടെ മുൻനിര സ്പിന്നർ ആർ.അശ്വിൻ എത്തിയത്. ആദ്യ ടെസ്റ്റിൽ തന്നെ അശ്വിൻ 500 തികയ്ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ആദ്യ 2 ടെസ്റ്റിൽ നിന്ന് 9 വിക്കറ്റ് മാത്രമാണ് അശ്വിന് നേടാനായത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അശ്വിൻ വിക്കറ്റില്ലാതെ മടങ്ങിയതും അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. 

പിച്ചൊരുക്കം

ഒന്നാം ദിനം മുതൽ ബാറ്റർമാരെ വട്ടംകറക്കുന്ന പിച്ചല്ല ഹൈദരാബാദിലും വിശാഖപട്ടണത്തും ക്യുറേറ്റർമാർ ഒരുക്കിയത്. പിച്ചിൽ കാര്യമായ വിള്ളലുകൾ വീഴാതിരുന്നതും ഈർപ്പം നിലനിന്നതും സ്പിന്നർമാർക്ക് തിരിച്ചടിയായി. 4 ദിവസവും പിച്ചിലെ ബൗൺസിൽ കാര്യമായ വ്യതിയാനം ഇല്ലാതിരുന്നതും സ്പിന്നർമാർ നിറംമങ്ങാൻ കാരണമായി.

സ്വീപ് അറ്റാക്ക്

പരമ്പര ആരംഭിക്കുന്നതു മുൻപേ ഇംഗ്ലിഷ് ബാറ്റർമാർ നെറ്റ്സിൽ ഏറ്റവും കൂടുതൽ പരീശീലിച്ചത് സ്വീപ് ഷോട്ടുകളായിരുന്നു. ഗുഡ് ലെങ്ത്തിൽ പന്ത് പിച്ച് ചെയ്താൽ ഇടംവലം നോക്കാതെ സ്വീപ് ചെയ്യാനായിരുന്നു അവരുടെ തീരുമാനം. ഇന്ത്യൻ സ്പിന്നർമാരുടെ സ്വാഭാവിക താളം നഷ്ടപ്പെടാൻ ഇതു കാരണമായി. സ്വീപ് ഷോട്ടുകളിലൂടെ റൺ വരാൻ തുടങ്ങിയതോടെ വിക്കറ്റിനു ശ്രമിക്കാതെ റൺ തടയുന്നതിലായി സ്പിന്നർമാരുടെ ശ്രദ്ധ.

ഇംഗ്ലിഷ് പരീക്ഷണം

പാർടൈം ബോളർ ജോ റൂട്ട് ഉൾപ്പെടെ 4 സ്പിന്നർമാരുമായി ഇറങ്ങാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം ഫലംകണ്ടു. ഇതിൽ റൂട്ട് ഒഴികെ പ്രധാന സ്പിന്നർമാർ ആർക്കും ഇന്ത്യയിൽ മത്സരപരിചയമില്ലെന്നതും ശ്രദ്ധേയം. ടോം ഹാർട്‌ലി, ശുഐബ് ബഷീർ എന്നിവർക്ക് ഇത് അരങ്ങേറ്റ പരമ്പര ആയിരുന്നെങ്കിൽ രെഹാൻ അഹമ്മദിന്റെ പരിചയസമ്പത്ത് 3 ടെസ്റ്റ് മത്സരം മാത്രമാണ്. 36 ടെസ്റ്റ് കളിച്ച ജാക്ക് ലീച്ചാണ് ടീമിലെ സീനിയർ സ്പിന്നർ. എന്നാൽ ഇതൊന്നും ഇംഗ്ലണ്ടിന്റെ സ്പിൻ അറ്റാക്കിനെ ബാധിച്ചില്ലെന്ന് ആദ്യ രണ്ടു മത്സരങ്ങളിലെ കണക്കുകൾ തെളിയിക്കുന്നു.

വിക്കറ്റ് ടു വിക്കറ്റ്

പിച്ചിൽ കാര്യമായ ടേൺ ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ വിക്കറ്റ് ടു വിക്കറ്റ് പന്തെറിയാനാണ് ഇംഗ്ലിഷ് സ്പിന്നർമാർ തീരുമാനിച്ചത്. ഇത് ഇന്ത്യൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി. വിക്കറ്റ് ലൈനിൽ നിന്ന് അപ്രതീക്ഷിതമായി ടേൺ ചെയ്ത പന്തുകളിലാണ് പല ഇന്ത്യൻ ബാറ്റർമാരും പുറത്തായത്.

അറ്റാക്കിങ് ഫീൽഡിങ്

റൺ വഴങ്ങുന്നതിനെക്കാൾ വിക്കറ്റ് നേടുന്നതിലായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രദ്ധ. അതുകൊണ്ടുതന്നെ രണ്ട് സ്ലിപ്, ഷോർട്ട് ലെഗ്, സില്ലി പോയിന്റ്, ലെഗ് സ്ലിപ് തുടങ്ങി അറ്റാക്കിങ് ഫീൽഡർമാരെ നിരത്തിയാണ് ഇംഗ്ലിഷ് സ്പിന്നർമാർ പന്തെറിഞ്ഞത്. ഇന്ത്യൻ ബാറ്റർമാർ സ്വീപ് ഷോട്ട് കളിക്കാൻ വിമുഖത കാട്ടിയത് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി.

English Summary:

Indian spinners performance against England in first two tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com