പാക്കിസ്ഥാന് സെമിയിൽ വീണു, അണ്ടർ 19 ലോകകപ്പ് ഫൈനലില് ഇന്ത്യ– ഓസ്ട്രേലിയ പോരാട്ടം
Mail This Article
ജൊഹാനസ്‌ബർഗ് ∙ ജയസാധ്യതകൾ മാറിമറിഞ്ഞ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ നൂൽപ്പാലത്തിലൂടെ ഓസ്ട്രേലിയ ഫൈനലിൽ. പ്രഹരശേഷിയുള്ള ബോളിങ് ആക്രമണങ്ങളിലൂടെ ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഓസീസിന് ഒരു വിക്കറ്റിന്റെ നാടകീയ ജയം. 180 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 164 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകളും നഷ്ടമായതോടെ പാക്കിസ്ഥാൻ ജയമുറപ്പിച്ച അവസ്ഥയിലായി.
എന്നാൽ അവസാന വിക്കറ്റിൽ 17 റൺസ് നേടിയ വാലറ്റക്കാർ ഓസീസിന് അവിശ്വസനീയ ജയം സമ്മാനിച്ചു. സ്കോർ: പാക്കിസ്ഥാൻ– 48.5 ഓവറിൽ 179. ഓസ്ട്രേലിയ– 49.1 ഓവറിൽ 9ന് 181. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ഓസ്ട്രേലിയയുടെ എതിരാളികൾ.
വെറും 24 റൺസ് വഴങ്ങി 6 വിക്കറ്റെടുത്ത ഓസീസ് പേസർ ടോം സ്ട്രാക്കറാണ് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ തകർത്തത്. അർധ സെഞ്ചറി നേടിയ അസൻ അവൈസ് (52), അറാഫത്ത് മിൻഹാസ് (52) എന്നിവരൊഴികെ മറ്റാർക്കും പാക്ക് ബാറ്റിങ്ങിൽ തിളങ്ങാനായില്ല. ചെറിയ വിജയലക്ഷ്യം കീഴടക്കാനിറങ്ങിയ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 33 റൺസെടുത്തശേഷമാണ് തകർന്നു തുടങ്ങിയത്.
ഓപ്പണർ ഹാരി ഡിക്സനും (50) മധ്യനിര ബാറ്റർ ഒലിവർ പീക്കും (49) പിടിച്ചുനിന്നെങ്കിലും ഒരുവശത്ത് തുടരെ വിക്കറ്റുകൾ വീണു. 6 വിക്കറ്റ് നഷ്ടത്തിൽ 155 എന്ന നിലയിൽ നിന്ന ഓസ്ട്രേലിയയ്ക്ക് 9 റൺസിനിടെ 3 വിക്കറ്റുകൾ കൂടി നഷ്ടമായതോടെ പാക്കിസ്ഥാൻ മനസ്സിൽ വിജയാഘോഷം തുടങ്ങി. ഓൾറൗണ്ടർ അലി റാസയാണ് 3 വിക്കറ്റും നേടിയത്. എന്നാൽ റാഫ് മക്‌മില്ലന്റെയും (19 നോട്ടൗട്ട്) കോൾ വിൽഡറുടെയും (2 നോട്ടൗട്ട്) ചെറുത്തുനിൽപിൽ പാക്കിസ്ഥാന്റെ മോഹം തകർന്നു.