ADVERTISEMENT

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ ബംഗാളിനെതിരെ മികച്ച സ്കോർ ലക്ഷ്യമിട്ട് കേരളം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ്. കേരളത്തിനായി സച്ചിൻ ബേബി സെഞ്ചറി തികച്ചു. 220 പന്തുകൾ നേരിട്ട താരം 110 റൺസുമായി പുറത്താകാതെനിൽക്കുന്നു. അർധ സെഞ്ചറിയുമായി അക്ഷയ് ചന്ദ്രനാണ് (150 പന്തിൽ 76) സച്ചിൻ ബേബിക്കൊപ്പമുള്ളത്.

മോശം തുടക്കമാണ് മത്സരത്തിൽ കേരളത്തിനു ലഭിച്ചത്. സ്കോർ 26 ൽ നിൽക്കെ രോഹൻ എസ്. കുന്നുമ്മൽ (21 പന്തിൽ 19) പുറത്തായി. മൂന്ന് റൺസ് മാത്രമെടുത്താണ് വൺ ഡൗണായി ഇറങ്ങിയ രോഹന്‍ പ്രേം മടങ്ങിയത്. ആകാശ് ദീപിന്റെ പന്തിൽ അഭിഷേക് പോറൽ ക്യാച്ചെടുത്തായിരുന്നു മടക്കം. 118 പന്തുകൾ നേരിട്ട ജലജ് സക്സേന 40 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. എട്ട് റൺസ് മാത്രം നേടിയാണ് കേരള ക്യാപ്റ്റൻ പുറത്തായത്. ഷഹബാസിന്റെ പന്തിൽ മനോജ് തിവാരി ക്യാച്ചെടുത്തു സഞ്ജുവിനെ മടക്കി.

തുടർന്നാണ് സച്ചിൻ ബേബി– അക്ഷയ് ചന്ദ്രൻ സഖ്യം കേരളത്തിന് രക്ഷയായി എത്തിയത്. കേരള ടീം എലീറ്റ് ഗ്രൂപ്പ് ബിയിൽ 8 പോയിന്റുമായി 6–ാം സ്ഥാനത്താണ്. അഞ്ചിൽ നാലു മത്സരങ്ങളിലും സമനില. ഇവിടെ നടന്ന കഴിഞ്ഞ മത്സരത്തിൽ മുംബൈയോടു തോൽക്കുകയും ചെയ്തു. ഒരു ജയം പോലും നേടാനാകാത്ത ടീം 2 കളികളിലെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് 8 പോയിന്റെങ്കിലും നേടിയത്.

സമീപകാല സീസണുകളിൽ കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേത്. ബാറ്റിങ്ങിൽ 2 സെഞ്ചറിയും 3 അർധ സെഞ്ചറിയുമായി 542 റൺസ് നേടിയ സച്ചിൻ ബേബി ഒഴികെ മറ്റാർക്കും സ്ഥിരതയുള്ള പ്രകടനം നടത്താനായിട്ടില്ല. ബോളർമാരിൽ 19 വിക്കറ്റ് നേടിയ മറുനാടൻ താരം ജലജ് സക്സേന മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ സഞ്ജു സാംസണ് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ല.

English Summary:

Kerala vs West Bengal, Ranji Trophy Cricket Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com