ADVERTISEMENT

തിരുവനന്തപുരം∙ തുമ്പയിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിന് ഒരു തുമ്പ് പ്രതീക്ഷ പോലും നൽകാതെ കേരളത്തിന്റെ ഓൾറൗണ്ട് പ്രകടനം. ബോളിങ്ങിലും ബാറ്റിങ്ങിലും കേരളം മാസ്റ്റർ ക്ലാസ് പ്രകടനം പുറത്തെടുത്ത മത്സരം അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ വിജയം 8 വിക്കറ്റ് മാത്രം അകലെ. രണ്ടാം ഇന്നിങ്സിൽ 449 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിന്റെ രണ്ടു വിക്കറ്റുകൾ കേരള സ്പിന്നർമാർ സ്വന്തമാക്കി. ഇന്നലെ കളി അവസാനിക്കുമ്പോൾ ബംഗാൾ 2ന് 77 റൺസ് എന്ന നിലയിലാണ്.

ബംഗാളിനു ജയിക്കാൻ 372 റൺസ് കൂടി വേണം. 33 റൺസുമായി അഭിമന്യു ഈശ്വരനാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ 183 റൺസിന്റെ ലീഡ് സ്വന്തമാക്കിയ കേരളം മത്സരത്തിൽ 2 പോയിന്റ് ഉറപ്പാക്കി. ജലജ് സക്സേനയുടെ 9 വിക്കറ്റ് പ്രകടനത്തോടെ ഇന്നലെ ആദ്യ സെഷനിൽ തന്നെ ബംഗാളിന്റെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച കേരളം രണ്ടാം ഇന്നിങ്സിൽ 6ന് 265 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. രോഹൻ കുന്നുമ്മൽ (51), സച്ചിൻ ബേബി (51), ശ്രേയസ് ഗോപാൽ (50) എന്നിവർ കേരളത്തിനായി അർധ സെഞ്ചറി നേടി. സ്കോർ: കേരളം: 363, 6ന് 265 ഡിക്ലയേഡ്. ബംഗാൾ: 180, 2ന് 77.

തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളിലൊന്നാണ് ജലജ് സക്സേനയുടേത്. 2–ാം ദിനം 7 വിക്കറ്റ് നേടിയ ജലജ് ഇന്നലെ ബംഗാളിന്റെ ശേഷിച്ച 2 വിക്കറ്റുകളും വീഴ്ത്തി.  

വേഗം ലീഡ് ഉയർത്തിയ ശേഷം ബംഗാളിനെ ബാറ്റിങ്ങിന് അയയ്ക്കുക എന്ന ലക്ഷ്യത്തിൽ ഇറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ രോഹൻ കുന്നുമ്മലും ജലജ് സക്സേനയും മികച്ച തുടക്കം നൽകി.    കേരളത്തിനായി ജലജ് (37), അക്ഷയ് ചന്ദ്രൻ (36) എന്നിവരും മികച്ച പ്രകടനം നടത്തി.  സഞ്ജു സാംസൺ ബാറ്റിങ്ങിന് ഇറങ്ങിയില്ല.

English Summary:

Ranji Trophy, Kerala vs Bengal Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com