റൺഔട്ടാക്കിയ ശേഷം അപ്പീൽ ചെയ്യാൻ മറന്നു! ഔട്ട് നൽകില്ലെന്ന് അംപയർ, നാണംകെട്ട് ഓസ്ട്രേലിയ- വിഡിയോ
Mail This Article
അഡ്‍ലെയ്ഡ്∙ വെസ്റ്റിൻഡീസ്– ഓസ്ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തിനിടെ വിന്‍ഡീസ് ബാറ്ററെ പുറത്താക്കിയിട്ടും വിക്കറ്റിനായി അപ്പീൽ ചെയ്യാതെ ഓസ്ട്രേലിയൻ താരങ്ങൾ. അബദ്ധം തിരിച്ചറിഞ്ഞ് വിക്കറ്റിനായി വാദിച്ചെങ്കിലും അംപയർ അത് അംഗീകരിച്ചതുമില്ല. മത്സരം ഓസ്ട്രേലിയ ജയിച്ചെങ്കിലും അശ്രദ്ധ കാരണം ഒരു വിക്കറ്റ് നഷ്ടപ്പെട്ടത് ടീമിനെ നാണക്കേടിലാക്കി. വിൻഡീസ് ഇന്നിങ്സിന്റെ 18–ാം ഓവറില്‍ അവർ തോൽവി ഉറപ്പിച്ചു നിൽക്കുന്ന ഘട്ടത്തിലായിരുന്നു സംഭവം.
Read Also: ഭക്ഷണത്തിൽ പുഴു, വൃത്തിയില്ല: ഇന്ത്യയിലേക്ക് ഇനിയില്ലെന്ന് സെർബിയൻ ടെന്നിസ് താരം, വിമർശനം
അൽസാരി ജോസഫിനെ പുറത്താക്കാനായിരുന്നു ഓസ്ട്രേലിയയ്ക്ക് അവസരം ലഭിച്ചത്. സ്പെൻസർ ജോൺസൺ എറിഞ്ഞ രണ്ടാം പന്ത് കവറിലേക്ക് അടിച്ച ശേഷം സിംഗിളിനായി താരം ഓടി. ഫീൽഡറുടെ ത്രോ പിടിച്ചെടുത്ത് സ്പെൻസർ ജോൺസൺ ബെയ്ൽസ് ഇളക്കി. അൽസരി ജോസഫ് ക്രീസിൽ തൊടുന്നതിനു തൊട്ടുമുൻപായിരുന്നു ഇത്. എന്നാൽ അപ്പീൽ ചെയ്യാൻ ഓസീസ് താരങ്ങൾ മറന്നുപോയി. വിക്കറ്റ് നേട്ടത്തിൽ ആഘോഷവുമില്ലായിരുന്നു.
റൺഔട്ടിന്റെ ദൃശ്യങ്ങൾ സ്റ്റേഡിയത്തിലെ സ്ക്രീനിൽ കാണിച്ചപ്പോഴായിരുന്നു ഓസീസ് താരങ്ങൾക്ക് അബദ്ധം മനസ്സിലായത്. തൊട്ടുപിന്നാലെ ഔട്ടിനായി അംപയറെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. ഓസ്ട്രേലിയ അപ്പീൽ ചെയ്യാത്തതിനാൽ ഔട്ട് നൽകില്ലെന്നായിരുന്നു അംപയറുടെ നിലപാട്. താരങ്ങൾ കുറച്ചുനേരം അംപയറെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. താൻ അപ്പീൽ ചെയ്തിരുന്നെന്നാണ് ടിം ഡേവിഡ് വാദിച്ചത്. ഇത് അംപയർ അംഗീകരിച്ചില്ല.
രണ്ടാം ട്വന്റി20യിൽ 34 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനേ വെസ്റ്റിന്‍ഡീസിനു സാധിച്ചുള്ളൂ. അതിവേഗ സെഞ്ചറി നേടിയ ഗ്ലെൻ മാക്സ്‌വെല്ലാണു കളിയിലെ താരം. 55 പന്തുകൾ നേരിട്ട മാക്സ്‍വെൽ 120 റൺസെടുത്തു പുറത്താകാതെനിന്നു.