ബംഗാളിനെ 339ന് എറിഞ്ഞിട്ടു, രഞ്ജി ട്രോഫിയിൽ 109 റൺസ് വിജയം സ്വന്തമാക്കി കേരളം
Mail This Article
തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ബംഗാളിനെ കീഴടക്കി കേരളത്തിനു മിന്നും ജയം. തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 109 റൺസിനാണ് കേരളവിജയം.
രണ്ടാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 449 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 339 റൺസിന് ഓൾഔട്ടായി. ജലജ് സക്സേന രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റ് നേടി. രണ്ട് ഇന്നിങ്സുകളിലായി 13 വിക്കറ്റും 77 റൺസും നേടിയ ജലജാണ് കളിയിലെ താരം.
ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ബംഗാളിനായി അഭിമന്യൂ ഈശ്വരൻ (65), ഷഹ്ബാസ് അഹ്മദ് (80), കരൺ ലാൽ (40) എന്നിവർ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും അവസാന ഓവറുകളിൽ കേരളം വിജയം തട്ടിയെടുക്കുകയായിരുന്നു. സ്കോർ: കേരളം 363, 5ന് 265 ഡിക്ലയർ, ബംഗാൾ 180, 339.
എലീറ്റ് ഗ്രൂപ്പ് ബിയിൽ 6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള കേരളം 3–ാം സ്ഥാനത്താണ്. 6 മത്സരങ്ങളിൽ 12 പോയിന്റുള്ള ബംഗാൾ 6–ാം സ്ഥാനത്തും. ഓരോ മത്സരം മാത്രം ശേഷിക്കെ ഇരുടീമും അടുത്ത റൗണ്ടിലെത്താൻ സാധ്യത കുറവാണ്. മുംബൈയും ആന്ധ്രയുമാണ് ആദ്യ 2 സ്ഥാനങ്ങളിൽ.