ജലജ് സക്സേന ഇതിഹാസ താരം, രഞ്ജിയിൽ തിളങ്ങുന്നവരെ ഇന്ത്യൻ ടീമിലെടുക്കുന്നില്ല: മനോജ് തിവാരി

Mail This Article
തിരുവനന്തപുരം∙ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം പുരോഗമിക്കവേയാണ് ബംഗാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബംഗാൾ ഡപ്യൂട്ടി കായികമന്ത്രിയുമായ മനോജ് തിവാരി, രാജ്യത്തെ ക്രിക്കറ്റ് കലണ്ടറിൽ നിന്നു രഞ്ജി ട്രോഫി അടുത്ത സീസൺ മുതൽ എടുത്തുമാറ്റണമെന്നു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ടൂർണമെന്റിന്റെ പ്രതാപം നഷ്ടമായെന്നു രൂക്ഷമായി പ്രതികരിച്ച അദ്ദേഹം തുമ്പയിലെ സൗകര്യങ്ങളിൽ അതൃപ്തനാണെന്നും തുറന്നടിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം തിരുത്തി തിരികെയെത്തിയ മനോജ് തിവാരി വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹം സംസാരിക്കുന്നു...
തുമ്പയിലെ സൗകര്യങ്ങളെ വിമർശിക്കാൻ കാരണം?
തുമ്പയിലുള്ളത് മികച്ച ഗ്രൗണ്ടാണ്. എന്നാൽ ഡ്രസിങ് റൂം അങ്ങനെയല്ല. തീരെ ചെറിയ ഡ്രസിങ് റൂമാണ്. സ്വകാര്യത വളരെ കുറവ്. തന്ത്രങ്ങൾ ചർച്ച ചെയ്താൽ പോലും എതിർ ടീം കേൾക്കുന്ന സ്ഥിതിയാണ്. രഞ്ജി ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇത്രയും സൗകര്യം ലഭിച്ചാൽ പോരാ.
രഞ്ജി ട്രോഫി നിർത്തലാക്കണമെന്ന പ്രതികരണത്തിനു പിന്നിൽ ?
വലിയ ചരിത്രമുള്ള ടൂർണമെന്റാണിത്. ഒട്ടേറെ ഇന്ത്യൻ താരങ്ങൾക്കു വഴികാട്ടിയ ടൂർണമെന്റിന്റെ ഇപ്പോഴത്തെ നടത്തിപ്പിൽ ഞാൻ തൃപ്തനല്ല. രഞ്ജിയിൽ മികച്ച പ്രകടനം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. പക്ഷേ, അവർക്ക് ഇന്ത്യൻ ടീമിൽ സിലക്‌ഷൻ ലഭിക്കുന്നില്ല. കഴിഞ്ഞ വർഷം ഞാൻ ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും തിരിച്ചെത്തിയത് ഭാര്യയുടെ നിർബന്ധപ്രകാരമാണ്. നിലവിൽ രഞ്ജി പോലെ വലിയ ടൂർണമെന്റുകളിൽ കളിക്കാനുള്ള കായികക്ഷമത എനിക്കില്ല. പുതുമുഖങ്ങൾക്ക് അവസരം ലഭിക്കണം. ഒരു മത്സരം കൂടി ബാക്കിയുണ്ട്. കൂടുതൽ പ്രതികരണം അതിനു ശേഷം.
മികച്ച പ്രകടനം നടത്തിയിട്ടും ജലജ് സക്സേന, സച്ചിൻ ബേബി തുടങ്ങിയ കേരള താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിനു കാരണം ?
ജലജ് സക്സേന രഞ്ജി ട്രോഫിയിലെ ഇതിഹാസ താരമാണ്. അദ്ദേഹം ഇന്ത്യൻ ടീമിൽ കളിക്കാത്തതു നിർഭാഗ്യമായി കാണുന്നു. കേരളത്തിന്റെ കളിയിൽ നിർണായകമായത് ജലജിന്റെ ബോളിങ് പ്രകടനമാണ്. സച്ചിൻ ബേബി തുടർച്ചയായി മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇത് ആവർത്തിച്ചാൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ തങ്ങളുടെ മികച്ച കളിക്കാരുടെ സിലക്‌ഷനുമായി ബന്ധപ്പെട്ട് അസോസിയേഷനുകൾ ബിസിസിഐയെ ചോദ്യം ചെയ്യണം. കളിക്കാർക്ക് പ്രതികരിക്കാൻ സാധിക്കില്ല. അവർക്കായി സംസാരിക്കേണ്ട ചുമതല അസോസിയേഷനുകൾക്കുണ്ട്.
വിരമിക്കലിനു ശേഷം രാഷ്ട്രീയത്തിൽ സജീവമാകുകയാണോ ലക്ഷ്യം ?
ബംഗാളിന്റെ ഡപ്യൂട്ടി കായികമന്ത്രിയാണ് ഞാൻ. അരൂപ് ബിസ്വാസാണ് കായികമന്ത്രി. സീസൺ അവസാനിച്ചതിനു ശേഷം അദ്ദേഹത്തിനൊപ്പം ചേർന്നു കൂടുതൽ പദ്ധതികൾ ഒരുക്കും. ഹോക്കി സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ടേബിൾ ടെന്നിസ്–ആർച്ചറി അക്കാദമികൾ തുടങ്ങിയവ ആരംഭിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ എന്നതിനു പുറമേ മറ്റു കായിക ഇനങ്ങൾക്കും പരിഗണന നൽകുന്നുണ്ട്.