ADVERTISEMENT

10 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ബാറ്റർ കെ.എൽ.രാഹുൽ കൂടുതൽ തവണ കൂട്ടുകെട്ടുണ്ടാക്കിയത് പരുക്കുകൾക്കൊപ്പമാണ്! വലതു കാലിലെ പരുക്കുമൂലം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരവും നഷ്ടമായതോടെ പുതുവർഷത്തിലും ‘പരുക്കൻ തിരിച്ചടികൾ’ രാഹുലിനെ വിടാതെ പിന്തുടരുകയാണ്. തോളെല്ല്, കൈക്കുഴ, കാൽത്തുട, എന്നിവിടങ്ങളിലൊക്കെയായി കരിയറിൽ ഇതുവരെ രാഹുൽ നേരിട്ടത് 14 ഗുരുതര ‘ഇൻജറി’കളാണ്. 4 തവണ ശസ്ത്രക്രിയയ്ക്കു വിധേയനുമായി. ഹെർണിയയും അപ്പെൻഡിസൈറ്റിസും കോവിഡും ഡെങ്കിപ്പനിയുമൊക്കെ ഈ കാലയളവിൽ രാഹുലിനെ കളത്തിനു പുറത്തു പിടിച്ചിരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 11 മത്സരങ്ങളാണ് പരുക്കുമൂലം രാഹുലിനു നഷ്ടമായത്.

2017 ഫെബ്രുവരി : പുണെയിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇടത് തോളെല്ലിനു പരുക്ക്. ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തിന് ഐപിഎൽ സീസണും ചാംപ്യൻസ് ട്രോഫി ക്രിക്കറ്റും നഷ്ടമായി. കരിയറിലെ ആദ്യ വലിയ തിരിച്ചടി.

2021 ജനുവരി: ഓസ്ട്രേലിയയിൽ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുൻപുള്ള പരിശീലനത്തിനിടെ ഇടതു കൈക്കുഴയ്ക്കു പരുക്ക്. ആദ്യ 2 ടെസ്റ്റുകളിലും റിസർവ് ബെഞ്ചിലായിരുന്ന താരം അവശേഷിച്ച മത്സരങ്ങളിൽ ടീമിനു പുറത്തായി.

2021 മേയ്: ഐപിഎൽ സീസണിനിടെ കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിൽ. അപ്പെൻഡിസൈറ്റിസ് ഗുരുതരമായതോടെ ശസ്ത്രക്രിയ നടത്തി. ഐപിഎലിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായി.

2021 നവംബർ:ന്യൂസീലൻഡിനെതിരെ നാട്ടിൽ നടക്കുന്ന 2 ടെസ്റ്റ് പരമ്പരയ്ക്കു മുൻപായി പരുക്കേറ്റു ടീമിനു പുറത്ത്. ഇടതു കാൽത്തുടയിലെ പേശീവലിവായിരുന്നു കാരണം.

2022ഫെബ്രുവരി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ ഇടതുകാൽത്തുടയിൽ പേശീവലിവ്. പരമ്പരയിലെ മൂന്നാം ഏകദിനവും ട്വന്റി20 മത്സരങ്ങളും നഷ്ടമായി.

2022 ജൂൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ നായകനായിരുന്ന രാഹുൽ ആദ്യ മത്സരത്തലേന്ന് ടീമിനു പുറത്ത്. ഹെർണിയ സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയയ്ക്കു വിധേയനായ താരം 3 മാസം കളത്തിനു പുറത്ത്.

Read Also: ദേശീയ ടീമിലും ഐപിഎല്ലിലും ഇടമില്ല, ഒഴിയുന്നതാണ് നല്ലത്: 34–ാം വയസ്സിൽ വിരമിച്ച് ഇന്ത്യൻ താരം

2023 മേയ്: ഐപിഎൽ മത്സരത്തിൽ ഫീൽഡിങ്ങിനിടെ വീണു പരുക്കേറ്റ താരത്തിന്റെ വലതുകാൽത്തുടയ്ക്കു പൊട്ടൽ. ശസ്ത്രക്രിയ. ഐപിഎലിലെ അവശേഷിക്കുന്ന മത്സരങ്ങളും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും വെസ്റ്റിൻഡീസ് പരമ്പരയും നഷ്ടം.

2024 ജനുവരി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ബാറ്റിങ്ങിനിടെ വലതുകാൽപേശിക്ക് (ക്വാഡ്രിസെപ്സ്) പരുക്ക്. രണ്ടാം ടെസ്റ്റ് നഷ്ടമായി. മൂന്നാം മത്സരത്തിലൂടെ തിരിച്ചുവരുമെന്നു കരുതിയെങ്കിലും പരുക്ക് ഭേദമായിട്ടില്ല.

English Summary:

Injured KL Rahul ruled out of third Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com