ADVERTISEMENT

രാജ്കോട്ട്∙ ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിൽ ഉള്ള താരങ്ങള്‍ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റിൽ റെഡ് ബോൾ മത്സരങ്ങൾക്ക് ഇറങ്ങിയിരിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മുന്നറിയിപ്പ്. മാനസിക സമ്മർദങ്ങൾ കാരണം ഇന്ത്യൻ ടീമിൽനിന്ന് അവധിയെടുത്ത ഇഷാൻ കിഷൻ, രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. ബറോഡയിൽ ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പമാണ് ഇഷാൻ പരിശീലനം തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടൽ.

‘‘ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണമെന്ന് താരങ്ങളെ ഫോൺ വഴി അറിയിച്ചിട്ടുണ്ട്. ഇനി കത്തിലൂടെയും നിർദേശം നൽകും. സിലക്ടർമാരോ, പരിശീലകനോ, ടീം ക്യാപ്റ്റനോ ആവശ്യപ്പെട്ടാൽ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കേണ്ടിവരും. എന്നാല്‍ താരത്തിന് കളിക്കാൻ സാധിക്കില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോർട്ട് നൽകിയാൽ ഇക്കാര്യത്തിൽ ഇളവു ലഭിക്കും. ഫിറ്റ്നസ് ഉള്ള യുവതാരങ്ങളുടെ കാര്യത്തിൽ യാതൊരു ഇളവും പ്രതീക്ഷിക്കണ്ട.’’– ജയ് ഷാ രാജ്കോട്ടിൽ പ്രതികരിച്ചു.

‘‘നിർദേശങ്ങൾ കരാറിലുള്ള എല്ലാ താരങ്ങള്‍ക്കും ബാധകമായിരിക്കും. നിർദേശം അവഗണിച്ചാൽ താരങ്ങളുടെ കാര്യത്തിൽ എന്തു തീരുമാനവും എടുക്കാൻ സിലക്ടർമാരെ ചുമതലപ്പെടുത്തേണ്ടിവരും. കൃത്യമായൊരു കാരണമില്ലാതെ വിരാട് കോലി അവധി വേണമെന്നു പറയില്ല. 15 വർഷത്തെ കരിയറിൽ ആദ്യമായാണ് അവധി ചോദിക്കുന്നത്. താരത്തെ ബിസിസിഐ പിന്തുണയ്ക്കുന്നു.’’– ജയ്ഷാ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽനിന്നു മാത്രമാണ് തുടക്കത്തിൽ കോലി അവധിയെടുത്തിരുന്നത്. എന്നാൽ പരമ്പരയിലെ ഒരു കളിക്കും കോലി ഇറങ്ങില്ലെന്ന് ബിസിസിഐ പിന്നീടു സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി വിട്ടുനിൽക്കുന്നതെന്നാണ് ബിസിസിഐയുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com