ജഡേജയുടെ ആശയക്കുഴപ്പം, സർഫറാസിന്റെ വിക്കറ്റ് പോയി; തൊപ്പി വലിച്ചെറിഞ്ഞ് രോഹിത്- വിഡിയോ

Mail This Article
രാജ്കോട്ട്∙ ടീം ഇന്ത്യയിലെ അരങ്ങേറ്റ മത്സരത്തില്‍ അർധ സെഞ്ചറിയുമായി തിളങ്ങി യുവതാരം സർഫറാസ് ഖാൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 66 പന്തുകളിൽനിന്ന് 62 റൺസെടുത്താണു താരം പുറത്തായത്. ഒരു സിക്സും ഒന്‍പതു ഫോറുകളും ബൗണ്ടറി കടത്തിയ താരം അപ്രതീക്ഷിതമായി റൺഔട്ടാകുകയായിരുന്നു.
82–ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു താരത്തിന്റെ പുറത്താകൽ. പന്തു നേരിട്ട രവീന്ദ്ര ജഡേജ സിംഗിളിനായി മുന്നോട്ടുകുതിച്ചെങ്കിലും പെട്ടെന്നു തന്നെ പിൻവാങ്ങുകയായിരുന്നു. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് മുന്നോട്ട് ഓടിയ സർഫറാസിന് ഇതോടെ പിൻവാങ്ങേണ്ടിവന്നു. എന്നാൽ താരം ക്രീസിലെത്തുംമുൻപ് മാർക്‌വുഡ് റൺഔട്ടാക്കി.
മികച്ച രീതിയിൽ ബാറ്റു ചെയ്യുമ്പോഴായിരുന്നു രവീന്ദ്ര ജഡേജയുടെ പിഴവിൽ സർഫറാസ് റൺഔട്ടായത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന രോഹിത് ശർമ തലയിലെ തൊപ്പി വലിച്ചെറിഞ്ഞാണ് ഇതിലുള്ള രോഷം തീർത്തത്. പുറത്താകലിനു ശേഷം ഡ്രസിങ് റൂമിൽ നിരാശയോടെ ഇരിക്കുന്ന സർഫറാസിന്റെ ചിത്രങ്ങളും പുറത്തുവന്നു.
മത്സരത്തിന്റെ ആദ്യ ദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 326 റൺസെടുത്തു. സെഞ്ചറിയുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിൽക്കുന്നു. 212 പന്തുകളിൽനിന്ന് 110 റൺസാണു ജഡേജ നേടിയത്. രോഹിത് ശർമയും സെഞ്ചറി സ്വന്തമാക്കി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.