‘എന്റെ പിഴവാണ്, നന്നായി കളിച്ചു’: സർഫറാസ് ഖാന്റെ റണ്ണൗട്ടിൽ ‘കുറ്റമേറ്റ്’ രവീന്ദ്ര ജഡേജ– വിഡിയോ

Mail This Article
രാജ്കോട്ട്∙ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി വിസ്മയിപ്പിച്ച യുവതാരം സർഫറാസ് ഖാന്റെ പുറത്താകലിനു കാരണക്കാരനായതിൽ ക്ഷമാപണം നടത്തി രവീന്ദ്ര ജഡേജ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ‘സ്റ്റോറി’യിലാണ് ജഡേജ ക്ഷമാപണം നടത്തിയത്. മികച്ച രീതിയിൽ കളിച്ചതായി താരം സർഫറാസ് ഖാനെ അഭിനന്ദിക്കുകയും ചെയ്തു.

‘സർഫറാസ് ഖാന്റെ ഔട്ട് വേദനിപ്പിക്കുന്നു. സത്യത്തിൽ ആ തെറ്റായ കോൾ എന്റേതായിരുന്നു. നന്നായി കളിച്ചു’ – ജഡേജ കുറിച്ചു. മത്സരത്തിൽ അർധസെഞ്ചറി നേടിയ സർഫറാസ് ഖാൻ ജഡേജയുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടാവുകയായിരുന്നു. 66 പന്തുകൾ നേരിട്ട താരം ഒൻപതു ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്താണ് പുറത്തായത്. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം 77 റൺസ് കൂട്ടുകെട്ടു തീർക്കാനും സർഫറാസിനായി.
സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായതിനു ശേഷം 64–ാം ഓവറിലാണ് സർഫറാസ് ക്രീസിലെത്തുന്നത്. അപ്പോൾ ജഡേജയുടെ വ്യക്തിഗത സ്കോർ 84 റൺസ്. എന്നാൽ ജഡേജ സെഞ്ചറി തികയ്ക്കുന്നതിനു മുൻപേ 48 പന്തിൽ സർഫറാസ് അർധ സെഞ്ചറിയിലെത്തി! ഇതിനു പിന്നാലെ സർഫറാസ് നിർഭാഗ്യകരമായി പുറത്തായത് ഇന്ത്യയ്ക്കു സങ്കടമായി.
വ്യക്തിഗത സ്കോർ 99ൽ നിൽക്കെ ആൻഡേഴ്സന്റെ പന്ത് മിഡോണിലേക്കു തട്ടിയിട്ട ജഡേജ റണ്ണിനായി ക്രീസ് വിട്ടിറങ്ങി. അതോടെ സർഫറാസും ഓട്ടം തുടങ്ങി. എന്നാൽ പന്ത് ഫീൽഡറുടെ കയ്യിലെത്തിയതോടെ ജഡേജ പിന്തിരിഞ്ഞു. അപ്പോഴേക്കും പിച്ചിന്റെ പാതിദൂരം പിന്നിട്ട സർഫറാസിനെ നിസ്സഹായനാക്കി മാർക് വുഡിന്റെ ഡയറക്ട് ത്രോ സ്റ്റംപിളക്കി. സർഫറാസിന്റെ നിർഭാഗ്യകരമായ ഔട്ട് കണ്ട് ഡ്രസിങ് റൂമിൽ തൊപ്പി വലിച്ചെറിയുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.