ADVERTISEMENT

റാഞ്ചി∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കെ.എൽ. രാഹുൽ പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തും. നിലവിലെ ടീമിൽ രാഹുലും ഉണ്ടെങ്കിലും പരുക്ക് പൂർണമായും മാറാത്തതിനാൽ താരത്തെ മൂന്നാം ടെസ്റ്റ് കളിപ്പിച്ചിരുന്നില്ല. രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്ത സാഹചര്യത്തിൽ യുവതാരം രജത് പട്ടീദാർ ടീമിനു പുറത്താകാനാണു സാധ്യത. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും മികച്ച പ്രകടനം നടത്താൻ താരത്തിനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പട്ടീദാറിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നത്.

Read Also: 6,6,6, ജെയിംസ് ആൻഡേഴ്സനെതിരെ തൂക്കിയടി; സിക്സ് അടിയിൽ റെക്കോർഡിട്ട് യശസ്വി

യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, സർഫറാസ് അഹമ്മദ് എന്നിവർ മികച്ച ഫോമിലാണു കളിക്കുന്നത്. മൂവരും അടുത്ത മത്സരങ്ങൾക്കും പ്ലേയിങ് ഇലവനിൽ ഉണ്ടാകും. അതേസമയം പേസർ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചേക്കും. ഇന്ത്യൻ പ്രീമിയർ ലീഗും ട്വന്റി20 ലോകകപ്പും അടുത്തതിനാൽ താരത്തിന്റെ ജോലിഭാരം കുറയ്ക്കുകയാണു ബിസിസിഐയുടെ ലക്ഷ്യം. നാലാം ടെസ്റ്റിന്റെ ഫലം കൂടി അനുസരിച്ചാകും അഞ്ചാം മത്സരത്തിൽ താരം കളിക്കുന്ന കാര്യം തീരുമാനിക്കുക.

പരമ്പരയിൽ നിലവിൽ ഇന്ത്യ 2–1ന് മുന്നിലാണ്. റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റ് വിജയിച്ചാൽ പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും. അങ്ങനെയെങ്കില്‍ ധരംശാലയിലെ അവസാന പോരാട്ടത്തിലും ബുമ്രയ്ക്കു വിശ്രമം ലഭിക്കും. പരമ്പരയിൽ ഇതിനകം തന്നെ ബുമ്ര 17 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബുമ്ര കളിച്ചില്ലെങ്കിൽ പകരക്കാരനായി പുതിയ താരം വരാൻ സാധ്യതയില്ല. മുഹമ്മദ് സിറാജിനൊപ്പം യുവതാരം ആകാശ്ദീപ് സിങ്ങിന് അവസരം ലഭിച്ചേക്കും.

സ്പിന്നർ രവിചന്ദ്രൻ അശ്വിൻ റാഞ്ചി ടെസ്റ്റിൽ കളിക്കുമോയെന്ന കാര്യത്തിലും ബിസിസിഐ തീരുമാനമെടുത്തിട്ടില്ല. മൂന്നാം ടെസ്റ്റിനിടെ അമ്മയ്ക്ക് അസുഖം ബാധിച്ചതിനാൽ താരം ചെന്നൈയിലേക്കു മടങ്ങിയിരുന്നു. ഞയാറാഴ്ച രാജ്കോട്ടിലെത്തി താരം മത്സരത്തിന്റെ ഭാഗമായി. 23നാണ് റാഞ്ചി ടെസ്റ്റ് ആരംഭിക്കുന്നത്.

English Summary:

KL Rahul set to return for Ranchi Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com