ADVERTISEMENT

മൂന്ന് മത്സരം, 6 ഇന്നിങ്സ്, ആകെ നേട്ടം 77 റൺസ്. 6 ഇന്നിങ്സിലായി എറിഞ്ഞത് 107 ഓവർ, ലഭിച്ചത് 7 വിക്കറ്റ്. ഒറ്റനോട്ടത്തിൽ ഒരു ബോളറുടെ പ്രകടനമാണിതെന്നു തോന്നാം. പക്ഷേ അല്ല! ഇംഗ്ലണ്ട് ടെസ്റ്റ് ബാറ്റിങ് നിരയുടെ നെടുംതൂണായ സാക്ഷാൽ ജോ റൂട്ടിന്റെ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇതുവരെയുള്ള നേട്ടമാണിത്. ബാസ്ബോൾ ശൈലി ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പുതിയ ‘റൂട്ടിലേക്ക്’ എത്തിച്ചെങ്കിലും ഇതോടെ റൂട്ട് തെറ്റി, എങ്ങോട്ടു പോകമെന്നറിയാതെ നിൽക്കുകയാണ് ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ 5 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 2–1ന് പിന്നിലാവാനുള്ള പ്രധാന കാരണവും ജോ റൂട്ടിന്റെ ഈ ദയനീയ ഫോം തന്നെ.

ഇതല്ല റൂട്ട്

കഴിഞ്ഞ 13 ടെസ്റ്റ് മത്സരങ്ങൾക്കിടെ 9 തവണയാണ് റിവേഴ്സ് സ്വീപ്പിനോ റിവേഴ്സ് സ്കൂപ്പിനോ ശ്രമിച്ച് ജോ റൂട്ട് പുറത്തായത്. ക്ലാസിക് ക്രിക്കറ്റ് ഷോട്ടുകൾ മാത്രം കളിച്ചുശീലിച്ച റൂട്ട്, ബാസ്ബോൾ യുഗാരംഭത്തോടെയാണ് ഇത്തരം ഫാൻസി ഷോട്ടുകളിലേക്കു തിരിഞ്ഞത്. ആദ്യമൊക്കെ ഇതു ഫലം ചെയ്തെങ്കിലും പതിയെ റൂട്ടിന്റെ കളിശൈലിയെയും ഫോമിനെയും ഇതു ബാധിച്ചു. ഈ പരമ്പരയിൽ തന്നെ ഇതിനോടകം രണ്ടു തവണ റിവേഴ്സ് സ്കൂപ്പിനു ശ്രമിച്ച് റൂട്ട് പുറത്തായി.

ശരാശരി പോയി, സ്ട്രൈക്ക് റേറ്റ് വന്നു

2012ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ജോ റൂട്ട്, കരിയറിലെ ഭൂരിഭാഗം സമയവും 50നു മുകളിൽ ടെസ്റ്റ് ശരാശരിയുമായാണ് കളിച്ചത്. എന്നാൽ 2022ലെ ബാസ്ബോൾ യുഗത്തോടെ ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. 2022ൽ ശരാശരി 45ലേക്കു വീണു. തൊട്ടടുത്ത വർഷം ഇത് 65 ആയി ഉയർന്നെങ്കിലും 2024ൽ ഇതുവരെ റൂട്ടിന്റെ ശരാശരി 12.8 മാത്രം. ടെസ്റ്റ് കരിയറിൽ റൂട്ടിന്റെ ബാറ്റിങ് ശരാശരി 50ൽ താഴെ വന്നതും കഴിഞ്ഞ വർഷമാണ്. നിലവിൽ 49.3 ആണ് റൂട്ടിന്റെ ടെസ്റ്റ് ശരാശരി. എന്നാൽ മറുവശത്ത് ബാറ്റിങ് സ്ട്രൈക്ക് റേറ്റിൽ കാര്യമായ മാറ്റമുണ്ടാക്കാൻ റൂട്ടിനു സാധിച്ചു. 60ൽ താഴെ സ്ട്രൈക്ക് റേറ്റുമായി ബാറ്റ് ചെയ്തിരുന്ന റൂട്ടിന്റെ കഴിഞ്ഞ വർഷത്തെ സ്ട്രൈക്ക് റേറ്റ് 76.3 ആണ്.

Read Also: സ്ത്രീയെന്ന നിലയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം: ആഞ്ഞടിച്ച് ഹോക്കി ടീം ഹെഡ് കോച്ച്

സെഞ്ചറി വരൾച്ച

വിരാട് കോലി, കെയ്ൻ വില്യംസൻ, സ്റ്റീവ് സ്മിത്ത് എന്നിവർക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫോറായി അറിയപ്പെട്ട റൂട്ടിന് ടെസ്റ്റിൽ 30 സെഞ്ചറികളുണ്ട്. എന്നാൽ ബാസ്ബോൾ ആരംഭിച്ച ശേഷം 3 വർഷത്തിനിടെ 5 തവണ മാത്രമാണ് റൂട്ടിന് മൂന്നക്കം കടക്കാനായത്. ഇതിൽ അവസാന സെ‍ഞ്ചറി പിറന്നത് കഴിഞ്ഞ ജൂണിലും. 2016ലും 2020ലും ഇംഗ്ലണ്ട് നടത്തിയ ഇന്ത്യൻ പര്യടനത്തിൽ ജോ റൂട്ടായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 2016ൽ 5 മത്സരങ്ങളിൽ 491 റൺ നേടിയ റൂട്ട്, 2020ൽ 368 റൺസുമായി പരമ്പരയിലെ ടോപ് സ്കോററായി. ഇതേ റൂട്ടാണ് ഇത്തവണ 3 മത്സരങ്ങളിൽ 77 റൺസിൽ ഒതുങ്ങിയത്!

ജോ റൂട്ട്
ജോ റൂട്ട്

കഴിഞ്ഞ 4 വർഷത്തെ ജോ റൂട്ടിന്റെ ടെസ്റ്റ് പ്രകടനം

വർഷം, ഇന്നിങ്സ്, റൺസ്, ശരാശരി, സ്ട്രൈക്ക് റേറ്റ്

2021   29   1708   61.0  56.4

2022  27   1097   45.7  63.7

2023  14   787     65.6   76.3

2024  6    77       12.8     49

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനിടെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് (ട്വിറ്റർ ചിത്രം)
വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനിടെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് (ട്വിറ്റർ ചിത്രം)
English Summary:

Joe Root changed his playing style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com