ADVERTISEMENT

റാഞ്ചി∙ ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് സ്കോർ 300 പിന്നിട്ടു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴിന് 302 റൺസെന്ന നിലയിലാണ്. സെഞ്ചറി നേടിയ ജോ റൂട്ടും (226 പന്തിൽ 106), വാലറ്റത്ത് ഒലി റോബിൻസനും (60 പന്തിൽ 31) പുറത്താകാതെ നിൽക്കുന്നു. അഞ്ചിന് 112 എന്ന നിലയിലേക്കു തകർന്ന ഇംഗ്ലണ്ടിനെ ജോ റൂട്ടിന്റെ സെഞ്ചറിയും മധ്യനിരയിൽ ബെൻ ഫോക്സിന്റെ ചെറുത്തുനില്‍പുമാണു കരകയറ്റിയത്.

126 പന്തുകൾ നേരിട്ട ഫോക്സ് 47 റൺസെടുത്തു പുറത്തായി. സ്കോർ 47ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് പോകുന്നത്. 21 പന്തിൽ 11 റൺസെടുത്ത ബെൻ ഡക്കറ്റ് അരങ്ങേറ്റക്കാരൻ ആകാശ് ദീപിന്റെ പന്തിൽ പുറത്താകുകയായിരുന്നു. ഒരു റൺ കൂട്ടിച്ചേർക്കും മുൻപ് ഇംഗ്ലണ്ടിന് ഒലി പോപ്പിനെയും നഷ്ടമായി. ആകാശ് ദീപിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. 42 പന്തിൽ 42 റൺസെടുത്ത സാക് ക്രൗലി ആകാശ് ദീപിന്റെ പന്തിൽ ബോൾഡായി.

35 പന്തിൽ 38 റണ്‍സെടുത്ത ജോണി ബെയർസ്റ്റോയെ ആർ. അശ്വിൻ വിക്കറ്റിനുമുന്നിൽ കുടുക്കി. ഇതോടെ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് അശ്വിന്റെ പേരിലായി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും തിളങ്ങാനായില്ല. മൂന്ന് റൺസ് മാത്രമെടുത്ത താരത്തെ രവീന്ദ്ര ജഡേജയാണു പുറത്താക്കിയത്.

200 കടന്നതിനു പിന്നാലെ ബെൻ ഫോക്സിനെ മുഹമ്മദ് സിറാജ് രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. ടോം ഹാർട്‍ലിക്കും (26 പന്തിൽ 13) തിളങ്ങാനായില്ല. ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലി വിട്ട് പതിഞ്ഞ താളത്തിൽ കളിച്ച ജോ റൂട്ടിന് സെഞ്ചറി പൂർത്തിയാക്കാൻ 219 പന്തുകൾ വേണ്ടിവന്നു. ഒൻപതു ഫോറുകൾ താരം ബൗണ്ടറി കടത്തി. റൂട്ടിന് ഒലി റോബിൻസൻ ശക്തമായ പിന്തുണ നൽകിയതോടെ ആദ്യ ദിനം ഇംഗ്ലണ്ട് 300 കടന്നു. ഇന്ത്യയ്ക്കായി ആകാശ് ദീപ് മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

English Summary:

India vs England fourth cricket Test match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com