മിന്നു മണിയുടെ സ്വന്തം സജനേച്ചി, വനിതാ പ്രീമിയർ ലീഗിൽ തിളങ്ങാൻ കേരളത്തിന്റെ ചങ്ക്സ്
Mail This Article
സജന സജീവന്റെ കുഞ്ഞനുജത്തിയാണ് മിന്നു മണി. കരിയറിൽ വഴികാട്ടിയായ ഉറ്റസുഹൃത്താണ് മിന്നുവിന് സജനേച്ചി. ഇന്ന് തുടങ്ങുന്ന വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിലെ മലയാളി സാന്നിധ്യങ്ങളാണ് വയനാട് സ്വദേശികളായ മിന്നു മണിയും സജന സജീവനും. ഡൽഹി ക്യാപിറ്റൽസ് താരമാണ് മിന്നു മണി. സജന മുംബൈ ഇന്ത്യൻസിലും. 11 വർഷം മുൻപ് ക്രിക്കറ്റിലേക്ക് ഒരുമിച്ചു കാലെടുത്തുവച്ചവർ തങ്ങൾക്കിടയിലെ സൗഹൃദത്തെക്കുറിച്ച് പറയുന്നു.
എന്റെ സ്വന്തം സജനേച്ചി
എട്ടാം ക്ലാസിൽവച്ച് ക്രിക്കറ്റ് പരിശീലനം ആരംഭിക്കുമ്പോൾ മുതൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്ന് സജനേച്ചി (സജന സജീവൻ) എനിക്കൊപ്പമുണ്ടായിരുന്നു. ഒരേ നാട്ടുകാർ, ഒരുമിച്ച് പരിശീലനം, ഒരേ ടീമിൽ മത്സരം...കഴിഞ്ഞ 11 വർഷത്തിനിടെ ഞങ്ങളുടെ സൗഹൃദം ശക്തമാക്കിയ ഘടകങ്ങൾ ഇങ്ങനെ ഒട്ടേറെയാണ്. മാനന്തവാടി ഒണ്ടയങ്ങാടിയിൽനിന്ന് 34 കിലോമീറ്റർ അകലെയുള്ള കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്കു ഞാൻ പരിശീലനത്തിന് എത്തിയിരുന്നത് സജനേച്ചിയുടെ സ്കൂട്ടറിനു പിന്നിലിരുന്നാണ്. ഏതു സഹായത്തിനും എപ്പോഴും വിളിപ്പുറത്തുള്ള കൂട്ടുകാരിയാണ് എനിക്ക് സജനേച്ചി.
മിന്നു കുഞ്ഞനുജത്തി
മാനന്തവാടി ജിവിഎച്ച്എസ്എസിൽ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഞാൻ ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നത്. സ്കൂളിൽ ക്രിക്കറ്റ് ടീം ഉണ്ടാക്കിയപ്പോൾ കായികാധ്യാപിക എൽസമ്മ ടീച്ചർ എന്നെയും മിന്നു മണിയെയും ഉൾപ്പെടുത്തി. അങ്ങനെ ഒരേ സമയത്ത് ക്രിക്കറ്റിലെത്തിയവരാണ് ഞങ്ങൾ. പിന്നീട് വിവിധ പ്രായവിഭാഗങ്ങളിലായി ഒരു പതിറ്റാണ്ടുകാലം കേരളത്തിനായി ഒരുമിച്ചു കളിച്ചു. അന്നും ഇന്നും മിന്നു എനിക്കു കുഞ്ഞനുജത്തിയും ഞാൻ അവൾക്കു ചേച്ചിയുമാണ്. പരസ്പരം സഹായിച്ചും പ്രചോദിപ്പിച്ചുമായിരുന്നു ഞങ്ങളുടെ വളർച്ച.