ടാനിയയുടെ നമ്പർ ഇന്ത്യൻ ക്രിക്കറ്റ് താരം ബ്ലോക്ക് ചെയ്തു, വാട്സാപ് സന്ദേശത്തിനും മറുപടിയില്ല
Mail This Article
സൂറത്ത്∙ മോഡലും ഫാഷൻ ഡിസൈനറുമായ ടാനിയ സിങ് മരിക്കുന്നതിനു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമയ്ക്ക് വാട്സാപ് സന്ദേശം അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ടാനിയയുടെ വാട്സാപ് സന്ദേശങ്ങൾക്ക് അഭിഷേക് മറുപടി നൽകിയില്ല. ടാനിയയുടെ നമ്പർ അഭിഷേക് ബ്ലോക്ക് ചെയ്തതായും വിവരമുണ്ട്. കഴിഞ്ഞ ദിവസമാണ് സൂറത്തിലെ വീട്ടിൽ ടാനിയ സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം അഭിഷേകും ടാനിയയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. എന്തു സന്ദേശമാണ് ടാനിയ ക്രിക്കറ്റ് താരത്തിന് അയച്ചതെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. മോഡലിന്റെ മരണത്തിൽ താരത്തെ ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം. ടാനിയയുടെ ഫോണിലെ വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അഭിഷേക് ശർമ. പുതിയ സീസണിനു വേണ്ടിയുള്ള തയാറെടുപ്പുകൾക്കിടെയാണു താരത്തെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. 2023 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 11 മത്സരങ്ങൾ കളിച്ച താരം 226 റൺസാണ് ആകെ നേടിയത്. 2022 ഐപിഎല്ലില്‍ ഹൈദരാബാദിനായി 426 റൺസെടുത്തിരുന്നു. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു.