മിന്നു മണിയുടെയും സജനയുടെയും ‘ക്രിക്കറ്റ് ഗുരു’; ഡബ്ല്യുപിഎൽ മത്സരം കാണാൻ എൽസമ്മ ബെംഗളൂരുവിൽ
Mail This Article
കൽപറ്റ ∙ കളി കാണുമ്പോൾ മുംബൈ ഇന്ത്യൻസിന്റെ തൊപ്പി വയ്ക്കണോ ഡൽഹി ക്യാപിറ്റൽസിന്റെ ജഴ്സി ധരിക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു എൽസമ്മ ടീച്ചർ. മുംബൈ ഇന്ത്യൻസിൽ മിന്നു മണിയുണ്ട്; ഡൽഹി ക്യാപിറ്റൽസിൽ സജന സജീവനും. അതുകൊണ്ട് ഒരു ടീമിനെയും സപ്പോർട്ട് ചെയ്യാതെ ആദ്യമായി ടീച്ചർ ഒരു ക്രിക്കറ്റ് മത്സരം കണ്ടു. പ്രിയശിഷ്യരാണ് മിന്നുവും സജനയും. ''ആരുടെ ടീം ജയിച്ചാലും കുഴപ്പമില്ല, രണ്ടുപേരും ഒരുപോലെയാണ്. ടീമിൽ രണ്ടുപേരും നന്നായി കളിക്കട്ടെ, അടുത്ത കളിയിലേക്കും എൻട്രി കിട്ടട്ടെ എന്നാണ് ആഗ്രഹം. ഒരു ടീമിനല്ലേ ജയിക്കാൻ പറ്റൂ.'’-വനിതാ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് മത്സരം കാണാൻ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ എൽസമ്മ ടീച്ചർ പറഞ്ഞു.
മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എൽസമ്മയായിരുന്നു മിന്നുവിനെയും സജനയെയും ആദ്യമായി ക്രിക്കറ്റ് കളിയിൽ എത്തിച്ചത്. ടീച്ചർക്കു കളി കാണാൻ മിന്നുവും സജനയും ടിക്കറ്റ് എടുത്തുകൊടുത്തിരുന്നു. ബെംഗളൂരുവിലെത്തി ആദ്യം കണ്ടതു മിന്നുവിനെയാണ്. ഹോട്ടലിൽ വച്ച് മിന്നു അനുഗ്രഹം തേടിയപ്പോൾ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞുപോയെന്ന് എൽസമ്മ ടീച്ചർ പറയുന്നു.
ആദ്യമായി ഫ്ലഡ്‍ലൈറ്റിലും ഇത്രയധികം കാണികളുടെ മുന്നിലും കളിക്കുന്നതിന്റെ ടെൻഷനിലായിരുന്നു സജന. ഞങ്ങൾ ഗാലറിയിലുണ്ടെന്നും പേടിക്കേണ്ടെന്നും സജനയ്ക്ക് ധൈര്യം കൊടുത്തു- ടീച്ചർ പറഞ്ഞു. രണ്ടാമത്തെ മത്സരംകൂടി കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടെയെത്തിയവർ ഇന്നു മടങ്ങുമെന്നതിനാൽ അവർക്കൊപ്പം എൽസമ്മയും നാട്ടിലേക്കു തിരിക്കും.