ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും രണ്ടാമത്തെ കുഞ്ഞു പിറന്ന വിവരം ഈ വാരമാദ്യമാണ് ലോകത്തെ അറിയിച്ചത്. ഫെബ്രുവരി 15ന് പിറന്ന ആൺകുഞ്ഞിന് ‘അകായ്’ എന്ന് പേരിട്ടതായും കോലി സമൂഹ മാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കുഞ്ഞ് പിറന്നത് ലണ്ടനിലാണെന്നും അതിനാൽ ഇന്ത്യൻ പൗരത്വമാണോ ബ്രിട്ടിഷ് പൗരത്വമാണോ തിരഞ്ഞെടുക്കുക എന്ന തരത്തിൽ വ്യാപക ചർച്ചകൾക്കും തുടക്കമായി.

എന്നാൽ അകായ് ജനിച്ചത് യുകെയിലാണെങ്കിലും അത് പൗരത്വം അവകാശപ്പെടാനുള്ള കാരണമാകില്ലെന്നാണ് ഒടുവിൽവന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ബ്രിട്ടിഷ് പൗരനാണെങ്കിൽ മാത്രമേ കുട്ടിയെ സമാന രീതിയില്‍ കണക്കാക്കാനാകൂ എന്നാണ് നിയമം. ഇരുവർക്കും ബ്രിട്ടനിൽ സ്വത്ത് വകകളുണ്ടെങ്കിലും മക്കൾ ബ്രിട്ടീഷ് പൗരത്വത്തിന് അർഹരല്ല. അതേസമയം, യുകെ പാസ്‌പോർട്ട് ലഭിക്കും. 

ഈ വാരമാദ്യം കോലി തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ കുഞ്ഞു പിറന്ന കാര്യം ലോകത്തെ അറിയിച്ചത്. ‘ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങൾ അറിയിക്കുന്നു’ – എന്നാണ് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

നേരത്തേ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് കോലി പിൻമാറിയിരുന്നു. 2017ലാണ് നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിരാട് കോലിയും അനുഷ്ക ശർമയും വിവാഹിതരായത്. 2021 ജനുവരി ഒന്നിന് കോലി – അനുഷ്ക ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. മൂത്ത പെൺകുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നൽകിയത്. മൂത്ത കുഞ്ഞിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് വാമികയുടെ ഇളയ സഹോദരന്റെ പിറവി.

English Summary:

Will Anushka Sharma and Virat Kohli’s son Akaay have British citizenship? Here’s what we know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com